ശബരിമലയിൽ കേരളീയ സദ്യ നൽകുന്നത് വൈകും. ഈ മാസം അഞ്ചിന് നടക്കുന്ന
ദേവസ്വം ബോർഡ് യോഗത്തിന് ശേഷമാകും തീരുമാനം. മെനു പരിഷ്കരിക്കുന്നതിൽ റിപ്പോർട്ട് നൽകാൻ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു. മെനു പരിഷ്കരിക്കുന്നതിൽ റിപ്പോർട്ട് നൽകാൻ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു. നേരത്തെ ഡിസംബർ രണ്ട് മുതൽ ഉച്ചയ്ക്ക് സദ്യ നൽകി തുടങ്ങാനായിരുന്നു തീരുമാനം. കമ്മറ്റി റിപ്പോർട്ട് ലഭിച്ചശേഷം ആകും തുടർ നീക്കം.
തീർഥാടകരോടുള്ള ദേവസ്വം ബോർഡിന്റെ സമീപനത്തിൽ വരുത്തിയ മാറ്റവും അവരോടുള്ള കരുതലുമാണ് വിഭവസമൃദ്ധമായ സദ്യ നൽകുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ പറഞ്ഞിരുന്നു.
ഇലയിലല്ല, സ്റ്റീൽപാത്രങ്ങളിലാണ് സദ്യ നൽകുക. കുടിവെള്ളത്തിന് സ്റ്റീൽഗ്ലാസ് ഉപയോഗിക്കും. ഇലയിൽ നൽകാനാണ് ആലോചിച്ചിരുന്നതെങ്കിലും, അത് ലഭ്യമാക്കുക എളുപ്പമല്ല. ഉപയോഗിച്ചുകഴിഞ്ഞാൽ നശിപ്പിക്കലും പ്രയാസമാണ്. ഇൻസിനറേറ്റർ ഉപയോഗിക്കാൻ പറ്റില്ല, അതും കേടാകും. അതിനാലാണ് കുഴികളുള്ള പാത്രങ്ങൾ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.സദ്യ വിളമ്പാൻ 24 ജീവനക്കാരെ കൂടി അധികമായി നിയമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





