Headlines

‘10 ലക്ഷം പേർ പങ്കെടുക്കും’: ഇന്ത്യാ സഖ്യത്തിന്റെ മഹാറാലി ഇന്ന്, ഡൽഹിയിൽ കനത്ത പൊലീസ് സുരക്ഷ

ന്യൂഡൽഹി∙ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്റെ മഹാറാലി ഇന്ന്. കൊണോട്ട് പ്ലേസിൽ നിന്ന് ഉച്ചയ്ക്ക് 12 മണിക്ക് രാംലീല മൈതാനിയിലേക്കാണ് റാലി. രാംലീല മൈതാനിയിലെ പൊതുസമ്മേളനത്തോടെ പരിപാടി അവസാനിക്കും. രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നായി പത്തു ലക്ഷത്തോളം പേർ റാലിയുടെ ഭാഗമാകുമെന്നാണ് പ്രതിപക്ഷം അറിയിച്ചു.

കേരളത്തിൽനിന്നടക്കം ആയിരക്കണക്കിന് നേതാക്കളും പ്രവർത്തകരുമാണ് റാലിയുടെ ഭാഗമാകാൻ ഡൽഹിയിൽ എത്തിയത്. റാലിയ്ക്ക് അനുമതി നൽകിയിട്ടില്ലെന്നു പറഞ്ഞ ഡൽഹി പൊലീസ് ഡൽഹിയിലെങ്ങും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ആയിരത്തോളം പൊലീസുകാരെയും അർധസൈനിക വിഭാഗങ്ങളെയുമാണ് ഡൽഹിയിലെങ്ങും വിന്യസിച്ചിരിക്കുന്നത്. ഡൽഹിയിലുടനീളം സർക്കാർ കേന്ദ്ര സേനയേയും വിന്യസിച്ചിട്ടുണ്ട്. സെൻട്രൽ ഡൽഹിയിൽ രാവിലെ മുതൽ ഗതാഗത നിയന്ത്രണമുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെയാണ് നിയന്ത്രണം. ചില റോഡുകളിൽ ഗതാഗതം സാഹചര്യങ്ങൾക്കനുസരിച്ച് അനുവദിക്കും. യാത്രക്കാർ യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്ന് ഡൽഹി ട്രാഫിക് പൊലീസ് നിർദേശിച്ചു.
അതേസമയം, മഹാറാലിയിൽ സിജെപി പങ്കെടുക്കില്ല. മഹാറാലിയെ പൂർണമായും പിന്തുണക്കുന്നുണ്ടെങ്കിലും സ്വതന്ത്ര നിലനിൽപ്പ് കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്ന് അഭിജിത്ത് ദീപ്കെ പറഞ്ഞു. സിജെപി ഒരു സ്വതന്ത്രവും നിഷ്പക്ഷവുമായ വേദിയാണ്. നിലവിലെ പോരാട്ടത്തിന്റെ ലക്ഷ്യം വലുതാണ്. അതിനാൽ, വോട്ട് കൊള്ളക്കെതിരെ പോരാടുന്ന എല്ലാ സംഘടനകളെയും പിന്തുണയ്ക്കും എന്നും അഭിജിത്ത് ദിപ്കെ പറഞ്ഞു.