പാനൂർ ∙ വീട്ടമ്മ പുറത്തുപോയ സമയത്ത് വീടിനകത്തുകയറി അതിക്രമം. ഫാനും ടിവിയും മേശയും നശിപ്പിച്ചു. മലമൂത്ര വിസർജനവും നടത്തി. ചമ്പാട് അരയാക്കൂൽ ജന്മീന്റവിട പുഷ്പലതയുടെ വീട്ടിലാണ് അതിക്രമം. ഇന്നലെ ഉച്ചയ്ക്ക് വീടുപൂട്ടി പുറത്തു പോയതായിരുന്നു. വൈകിട്ട് 6 മണിയോടെ തിരിച്ചെത്തിയപ്പോൾ വാതിൽ തുറന്നനിലയിൽ കണ്ടു.
അകത്തുകയറി പരിശോധിച്ചപ്പോഴാണ് മുറിയിലെ സീലിങ് ഫാനിന്റെ ലീഫുകൾ ഒടിച്ച നിലയിലും ടിവിയും മേശയും അടുക്കളയിലെ മിക്സിയും മറിച്ചിട്ട നിലയിലും കണ്ടെത്തിയത്. വരാന്തയിൽ മലമൂത്രവിസർജനവും നടത്തിയിരുന്നു. ഫ്രിജിൽ സൂക്ഷിച്ചിരുന്ന മിഠായികൾ മാത്രമാണ് നഷ്ടപ്പെട്ടത്. ചോതാവൂർ ഹയർസെക്കൻഡറി സ്കൂളിലെ ശുചീകരണത്തൊഴിലാളിയാണ് പുഷ്പലത. പുഷ്പലതയുടെ പരാതിയിൽ പാനൂർ എസ്ഐ മരിയ പ്രിൻസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
വീട്ടമ്മ പുറത്തുപോയ തക്കത്തിന് വീട്ടിൽ കയറി ഫാനും ടിവിയും നശിപ്പിച്ചു, മലമൂത്രവിസർജനം: കവർന്നത് ‘മിഠായി’ മാത്രം!







