Headlines

പിഎം സൂര്യഘറിൽ 1.08 ലക്ഷം രൂപ സബ്സിഡി; പുതുതായി 5 ലക്ഷം വീടുകളിൽ സോളർ സ്ഥാപിക്കാൻ ശുപാർശ

ന്യൂഡൽഹി∙ കേന്ദ്രസർക്കാരിന്റെ പിഎം സൂര്യഘർ മുഫ്ത് ബിജ്‍ലി യോജന പുരപ്പുറ സോളർ പദ്ധതിയിൽ മുന്നേറാൻ രാജ്യത്തെ ഓരോ സംസ്ഥാനവും കടുത്ത മത്സരത്തിൽ. കേന്ദ്രം കൊടുക്കുന്ന സബ്സിഡിക്ക് പുറമേ ഉപയോക്താക്കൾക്ക് സ്വന്തംനിലയ്ക്ക് സബ്സിഡി നൽകിയും സംസ്ഥാനങ്ങൾ പദ്ധതി വ്യാപിപ്പിക്കുന്നു.

പിഎം സൂര്യഘർ പുരപ്പുറ സോളർ പദ്ധതിയിൽ രാജ്യത്ത് ഏറ്റവും മുന്നിലുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഉത്തർപ്രദേശ്. സംസ്ഥാനത്ത് പുതുതായി 5 ലക്ഷം വീടുകളിൽ പദ്ധതിപ്രകാരം സോളർ പാനൽ സ്ഥാപിക്കാൻ കേന്ദ്രസർക്കാരിന് യോഗി ആദിത്യനാഥ് സർക്കാർ ശുപാർശ നൽകി.

ഇതിനായി സംസ്ഥാന സർക്കാർ 3750 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അധികമായി 750 മെഗാവാട്ട് ഉൽപാദനശേഷി കൈവരിക്കുകയാണ് ലക്ഷ്യം. തിരഞ്ഞെടുത്ത 2.50 ലക്ഷം വീടുകളിൽ ഒരു കിലോവാട്ടിന്റെയും ബാക്കി രണ്ടരലക്ഷം വീടുകളിൽ 2 കിലോവാട്ടിന്റെയും സോളർ പ്ലാന്റാണ് സ്ഥാപിക്കുക.

കേന്ദ്രത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും സംയോജിത സബ്സിഡിയായി 1.08 ലക്ഷം രൂപ സബ്സിഡി നേടാനും ഉപയോക്താക്കൾക്ക് കഴിയും. പിഎം സൂര്യഘർ പ്രകാരം സബ്സിഡി ആനുകൂല്യത്തോടെ പുരപ്പുറ സോളർ സ്ഥാപിക്കാൻ 2027 മാർച്ച് 31 വരെയാണ് സമയം.

ഇന്ത്യയിൽ ഏറ്റവും പുതിയ കണക്കുപ്രകാരം 68.09 ലക്ഷം വീടുകളിൽ പുരപ്പുറ സോളർ സ്ഥാപിച്ചിട്ടുണ്ട്. 19,984 മെഗാവാട്ടാണ് സംയോജിത സ്ഥാപിത ഉൽപാദനശേഷി. കേന്ദ്രം ഇതിനകം 37,784 കോടി രൂപ സബ്സിഡിയും നൽകി. ഉത്തർപ്രദേശിൽ 9.85 ലക്ഷം വീടുകളാണ് പദ്ധതിയിലുള്ളത്. 3262 മെഗാവാട്ടാണ് സ്ഥാപിത ഉൽപാദനശേഷി. ഉത്തർപ്രദേശിലെ ഉപയോക്താക്കൾ 6600 കോടി രൂപ സബ്സിഡിയും സ്വന്തമാക്കി.