ന്യൂഡൽഹി / തിരുവനന്തപുരം ∙ ബിജെപി വിട്ട പത്മജ വേണുഗോപാലിന് കോൺഗ്രസിലേക്കുള്ള പ്രവേശനം എളുപ്പമാകില്ല. പാർട്ടിയെ തള്ളിപ്പറഞ്ഞും തിരഞ്ഞെടുപ്പിൽ പ്രതിസന്ധി സൃഷ്ടിച്ചും ബിജെപിയിലേക്കു പോയവരെ പരവതാനി വിരിച്ചു സ്വീകരിക്കാൻ പാടില്ലെന്ന് കേരളത്തിൽ നിന്നു പലരും ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തെറ്റുതിരുത്തി വരുന്നവരെ സ്വീകരിക്കാമെന്നതാണു പൊതുനിലപാടെങ്കിലും ബിജെപിക്കൊപ്പം പോയി പാർട്ടിയെ പ്രതിരോധത്തിലാക്കിയവരുടെ കാര്യത്തിൽ ധൃതിപിടിച്ചുള്ള നീക്കം ഹൈക്കമാൻഡും താൽപര്യപ്പെടുന്നില്ല.
മടങ്ങിയെത്തുന്നവരെ സ്വീകരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാനതലത്തിലാണെന്നും കേന്ദ്രനേതൃത്വത്തിനു മുൻപിൽ വിഷയം എത്തുമ്പോൾ അഭിപ്രായം അറിയിക്കാമെന്നുമാണ് ഹൈക്കമാൻഡിന്റെ നിലപാട്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി, സംഘടനാച്ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ അഭിപ്രായം ഇക്കാര്യത്തിൽ തേടിയേക്കും.
കോൺഗ്രസ് വിടുന്ന ഘട്ടത്തിൽ ബിജെപിയെയും നരേന്ദ്ര മോദിയെയും വാനോളം പുകഴ്ത്തിയെന്നതിനു പുറമേ, കോൺഗ്രസ് ദേശീയ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചതും പത്മജയ്ക്കു മുന്നിലെ തടസ്സമാണ്. കെപിസിസി പ്രസിഡന്റിനെ കണ്ട് കത്ത് കൊടുക്കാനാണ് പത്മജ ആദ്യം തീരുമാനിച്ചതെങ്കിലും അതിനു മുൻപ് പ്രധാന നേതാക്കളെ കണ്ട് വിശ്വാസത്തിലെടുക്കുകയാണ് വേണ്ടതെന്ന നിർദേശമാണ് ചില കേന്ദ്രങ്ങളിൽ നിന്ന് പത്മജയ്ക്ക് ലഭിച്ചത്. പത്മജയുടെ കോൺഗ്രസ് പ്രവേശത്തിന്റെ കാര്യം കെപിസിസിയാണ് തീരുമാനിക്കേണ്ടതെന്നു കെ. മുരളീധരൻ പ്രതികരിച്ചു. താൻ അഭിപ്രായം പറയുന്നില്ലെന്നും കൂട്ടിച്ചേർത്തു.
∙ പത്മിനി തോമസ് ബിജെപി വിട്ടു
സ്പോർട്സ് കൗൺസിൽ മുൻ അധ്യക്ഷയായ പത്മിനി തോമസ് ബിജെപി വിട്ടു. കോൺഗ്രസ് വിട്ട് ബിജെപിയിലേക്കു പോകാൻ താൻ എടുത്ത തീരുമാനം തെറ്റായിരുന്നുവെന്നും എടുത്തുചാടിയുള്ളതായിരുന്നുവെന്നും അവർ പറഞ്ഞു. മാന്യമായ പരിഗണന ബിജെപി നൽകുമെന്നാണ് കരുതിയതെങ്കിലും അതുണ്ടായില്ല. നിയമസഭാ സീറ്റടക്കം വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതുണ്ടായില്ല. കോൺഗ്രസിലേക്ക് തന്നെ മടങ്ങാനാണ് ആഗ്രഹിക്കുന്നത്. രണ്ടരവർഷം മുൻപാണ് പത്മിനി തോമസ് കോൺഗ്രസ് വിട്ടത്. കായിക മേഖലയ്ക്ക് നരേന്ദ്രമോദി ചെയ്യുന്ന കാര്യങ്ങൾ കണ്ടാണ് ആ തീരുമാനമെടുത്തതെന്നും അവർ അന്നു പറഞ്ഞിരുന്നു. ബിജെപി ന്യൂനപക്ഷ മോർച്ചയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു വരികയായിരുന്നു.
∙പത്മജ– പത്മിനിമാർ ബൂത്തുകളിൽ പ്രവർത്തിക്കട്ടെ
പത്മജ– പത്മിനിമാർ ആദ്യം ബൂത്തുകളിൽ പ്രവർത്തിക്കട്ടെയെന്നു കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. 10 വർഷം പണിയെടുത്ത സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരെ വേണം എല്ലാ മേഖലകളിലും പരിഗണിക്കാൻ. കരുണാകരൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ബിജെപിയിൽ പോകുമായിരുന്നുവെന്ന അന്നത്തെ പ്രസ്താവന തിരുത്തി പാർട്ടിയോടും അണികളോടും പത്മജ മാപ്പുപറയണം. ലക്ഷക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ പോരാടിയത് അധികാരക്കൊതി മൂത്ത് പാളയങ്ങൾ മാറി ചേക്കേറുന്നവർക്കു വേണ്ടിയല്ലെന്നും അലോഷ്യസ് പറഞ്ഞു.







