Headlines

ഇന്‍സോംനിയയുമായി കുവൈത്തില്‍ വിസ്മയം തീര്‍ത്ത് കെഇഎഫ് വിസ്മയം 26

കുവൈത്ത്: കുവൈത്തിലെ മലയാളി എഞ്ചിനീയര്‍മാരുടെയും കുടുംബങ്ങളുടെയും കൂട്ടായ്മയായ കുവൈത്ത് എഞ്ചിനീയേഴ്‌സ് ഫോറം (KEF) സംഘടിപ്പിച്ച ‘വിസ്മയം 26’ ശ്രദ്ധേയമായി. സെപ്റ്റംബര്‍ 25ന് അഹമ്മദിയിലെ FAIPS-DPS ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഏകദേശം 1,200 എഞ്ചിനീയര്‍മാരും കുടുംബാംഗങ്ങളും പങ്കെടുത്തു. കുവൈത്തിലെ നിലവിലെ പ്രാദേശിക സാഹചര്യത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ സ്മരണയ്ക്കായി ഒരു മിനിറ്റ് മൗനം ആചരിച്ചാണ് പരിപാടികള്‍ക്ക് തുടക്കമായത്. കുവൈത്തിനോടും കുവൈത്ത് ജനതയോടുമുള്ള ഐക്യദാര്‍ഢ്യവും ഇതിലൂടെ രേഖപ്പെടുത്തി. (KEF Vismayam 26 Creates a Sensation in Kuwait)

KEF-ന്റെ എട്ട് ഘടക എഞ്ചിനീയറിംഗ് കോളേജ് അലുമ്‌നി അസോസിയേഷനുകളുടെ പ്രസിഡന്റുമാരും ചെയര്‍പേഴ്‌സണ്‍മാരും അവരുടെ ജീവിതപങ്കാളികളും ചേര്‍ന്ന് എട്ട് നിലവിളക്കുകള്‍ തെളിയിച്ചു.KEF എക്‌സ്-ഓഫീഷ്യോ ഹനാന്‍ ഷാന്‍ സ്വാഗതം പറഞ്ഞു. ജനറല്‍ കണ്‍വീനര്‍ ഗംഗാ പ്രസാദ് ടി. ചടങ്ങിനെ അഭിസംബോധന ചെയ്ത് ‘വിസ്മയം 26’ന്റെ ലക്ഷ്യവും പ്രാധാന്യവും വിശദീകരിച്ചു. സംഘാടകര്‍, സ്‌പോണ്‍സര്‍മാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.പരിപാടിയുടെ ഭാഗമായി KEF ഡയറക്ടറി 2026 പ്രകാശനം ചെയ്തു. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തില്‍ ജനറല്‍ കണ്‍വീനര്‍ ഗംഗാ പ്രസാദ് ടി. ഡയറക്ടറി പുറത്തിറക്കി. കുവൈത്തിലെ എഞ്ചിനീയറിംഗ് സമൂഹത്തിലെ അംഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയവും പരസ്പര ബന്ധവും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന വേദിയായാണ് ഡയറക്ടറി അവതരിപ്പിച്ചത്.കുട്ടികളുടെ വിദ്യാഭ്യാസ, സാംസ്‌കാരിക, നേതൃത്വ, സാമൂഹിക വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച KEF ചില്‍ഡ്രന്‍സ് ക്ലബ്ബിന്റെ ഔദ്യോഗിക പരിചയപ്പെടുത്തലും ചടങ്ങില്‍ നടന്നു.ക്ലബ് പ്രസിഡന്റ് ജോ ജോഷ്വാ ലിജോ ക്ലബ്ബിന്റെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും സദസിന് പരിചയപ്പെടുത്തി.

KEF-ന്റെ പ്രധാന സംരംഭമായ KINETIC 2026 – Kuwait Industrial Exhibition and Technical Conferenceന്റെ പ്രമോഷണല്‍ വീഡിയോയും ബാനറും ചടങ്ങില്‍ പ്രകാശനം ചെയ്തു.ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എഞ്ചിനീയേഴ്‌സ് (ഇന്ത്യ) ചെയര്‍മാന്‍ കാര്‍ത്തികേയന്‍ ഇളങ്കോവന്റെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം.KEFയും IBPCയും സംയുക്തമായി സംഘടിപ്പിക്കുന്ന KINETIC 2026 ഡിസംബര്‍ 10ന് കുവൈത്തിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നടക്കും.KEF സംഘടിപ്പിച്ച വേള്‍ഡ് കപ്പ് പ്രെഡിക്ഷന്‍ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.

അല്‍ അന്‍സാരി എക്‌സ്‌ചേഞ്ചിന്റെ സഹകരണത്തോടെ നടത്തിയ റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടന്നു. അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ മാത്യു വര്‍ഗീസ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.ആതി അവതരിപ്പിച്ച ‘ഇന്‍സോംനിയ’ കൈയടി നേടി. ‘വിസ്മയം 26’ന്റെ പ്രധാന ആകര്‍ഷണമായിരുന്നു പ്രശസ്ത മെന്റലിസ്റ്റ് ആതി ആദ്യമായി കുവൈത്തില്‍ അവതരിപ്പിച്ച ‘ഇന്‍സോംനിയ’ ലൈവ് സ്റ്റേജ് ഷോ.KEF ജനറല്‍ കണ്‍വീനര്‍ ഗംഗാ പ്രസാദ് ടിയുടെ നേതൃത്വത്തില്‍, ജി.സി. ഡിസിഗ്‌നേറ്റ് ബിജു കെ.ആര്‍., എക്‌സ്-ഓഫീഷ്യോ ഹനാന്‍ ഷാന്‍ എന്നിവരുടെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിച്ചത്.അന്‍ഫര്‍ ഖാസി ടി.ടി. (ഫിനാന്‍സ്), അജയ് ജി. (ഓര്‍ഗനൈസേഷന്‍), പ്രശാന്ത് പി.വി. (സ്‌പെഷ്യാലിറ്റീസ്), അബ്ദുള്‍ ജബ്ബാര്‍ എം.എം. (സ്‌പോണ്‍സര്‍ഷിപ്പ്), മുഹമ്മദ് അഷ്‌റഫ് (പി.ആര്‍.), പ്രിന്‍സ് യു. ചെറിയ (ഡാറ്റ മാനേജ്‌മെന്റ്), ജേക്കബ് ബാബു (ഫുഡ് കമ്മിറ്റി), രേണു ആന്‍ ജേക്കബ് (ആര്‍ട്‌സ് കമ്മിറ്റി) എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളും സന്നദ്ധപ്രവര്‍ത്തകരും പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.ഉപദേശകരായ ഗംഗാ വിനോദ്, റിയാസ് സലീം, ഷെമീജ് കുമാര്‍, സാന്‍സി ലാല്‍, ശ്രീകുമാര്‍ എന്നിവരുടെ മാര്‍ഗനിര്‍ദേശവും സംഘാടക പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയായി.എഞ്ചിനീയര്‍മാരുടെയും കുടുംബങ്ങളുടെയും സൗഹൃദവും കൂട്ടായ്മയും ഊട്ടിയുറപ്പിക്കുന്നതിനൊപ്പം വൈവിധ്യമാര്‍ന്ന കലാ-സാംസ്‌കാരിക പരിപാടികളും പ്രൊഫഷണല്‍ നെറ്റ്വര്‍ക്കിംഗും ഒരുമിച്ചുചേര്‍ന്ന വേദിയായി ‘വിസ്മയം 26’ മാറി.