Headlines

‘കേരള ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട നിയമകാര്യങ്ങളില്‍ പി ശശിയുടെ മകന് പങ്ക്’; വിജിലന്‍സിന് പരാതി നല്‍കി വ്യവസായി മുഹമ്മദ് ഷെര്‍ഷാദ്

കൊച്ചി: പി ശശിക്കെതിരെ വിജിലന്‍സില്‍ പരാതിയുമായി ചെന്നൈ വ്യവസായി മുഹമ്മദ് ഷെര്‍ഷാദ്. അഴിമതി, അധികാര ദുര്‍വിനിയോഗം, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. കേരള ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളില്‍ പി ശശിയുടെ മകന്‍ സിദ്ധാര്‍ഥ് ശശിക്കെതിരേയും ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. (businessman muhammed shershad complain against p sasi and son)

മുന്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന കാലത്ത് പി ശശി അധികാര ദുര്‍വിനിയോഗം നടത്തിയെന്നാണ് ആരോപണം. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉള്‍പ്പെടെ മത്സരങ്ങള്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുമ്പോള്‍ അധികാര ദുരുപയോഗമോ സാമ്പത്തിക സ്വാധീനമോ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ഷെര്‍ഷാദ് പരാതിയിലൂടെ ആവശ്യപ്പെട്ടു. പി ശശിയുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന പനമ്പള്ളിയിലെ ഓഫിസെ കേന്ദ്രീകരിച്ച് നടന്ന ഭൂമിഇടപാടുകള്‍ അടക്കം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പി ശശി തന്നെ കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു ഷെര്‍ഷാദിന്റെ ആരോപണം. തന്റെ കമ്പനിയില്‍ ലാഭവിഹിതവും ഓഹരി പങ്കാളിത്തവും വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നതായിരുന്നു വ്യവസായി ഷെര്‍ഷാദിനെതിരായ കേസ്. പെന്റ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് ഇദ്ദേഹം. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മകനുമെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത് വഴിയാണ് ഷെര്‍ഷാദിന്റെ പേര് വാര്‍ത്തകളില്‍ നിറയുന്നത്. യുകെ വ്യവസായി രാജേഷ് കൃഷ്ണയും പല സിപിഐഎം ഉന്നതരും അനധികൃത ഇടപാടുകള്‍ നടത്തിയത് ചൂണ്ടിക്കാട്ടി ഇദ്ദേഹം പോളിറ്റ് ബ്യൂറോയ്ക്ക് കത്തയച്ചിരുന്നു. തനിക്കെതിരായ കേസ് രാഷ്ട്രീയ പകപോക്കലെന്നായിരുന്നു അന്ന് മുതല്‍ ഇദ്ദേഹം ആരോപിച്ചിരുന്നത്.