ശബരിമല സ്വർണപ്പാളി വിവാദത്തിൽ സമഗ്ര അന്വേഷണമെന്ന ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് തിരുവിതാകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാർ. തന്റെ കാലത്തുണ്ടായിരുന്നത് സ്വർണ്ണം പൂശിയ ചെമ്പുപാളി തന്നെയാണ്. ആ കാലത്ത് സ്വർണ്ണത്തിൽ വ്യത്യാസം ഉണ്ടായിട്ടുണ്ടെങ്കിൽ ഉത്തരവാദിത്വം വഹിക്കും. 1999 മുതലുള്ള ഇടപാടുകളെ കുറിച്ച് അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു വരട്ടെയെന്നും എ പത്മകുമാർ പറഞ്ഞു.
സ്വർണ്ണം പൂശിയത് നഷ്ടപ്പെട്ടതുകൊണ്ടാണ് അറ്റകുറ്റപ്പണി നടത്താൻ പ്രൊപ്പോസൽ സ്വീകരിച്ചത്. തന്റെ കാലത്ത് നിയമവും ആചാരവും നോക്കി തന്നെയാണ് കാര്യങ്ങൾ ചെയ്തിട്ടുള്ളതെന്ന് പത്മകുമാർ പറഞ്ഞു. ദേവസ്വം മാനുവൽ ലംഘിച്ചു എന്ന അനന്ത ഗോപന്റെ ആരോപണത്തിലും അദേഹം പ്രതികരിച്ചു. എന്ത് അടിസ്ഥാനത്തിലാണ് പറഞ്ഞത് എന്ന് അറിയില്ലെന്നും അനന്തഗോപൻ എല്ലാം മാനുവൽ നോക്കിയാണ് ചെയ്തത് എന്ന് അറിയില്ലെന്നും പത്മകുമാർ പറഞ്ഞു.
മുൻ മന്ത്രി ജി സുധാകരനെയും പത്മകുമാർ വിമർശിച്ചു. ഇവരെപ്പോലെ ചില ആളുകൾ ഉള്ളതാണ് പാർട്ടിയുടെ ഗുണമെന്ന് പത്മകുമാർ പറഞ്ഞു. മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട്മാർ വിദേശയാത്ര നടത്തിയത് ദേവസ്വം മാനുവൽ അനുസരിച്ചാണോയെന്ന് അദേഹം ചോദിച്ചു. തന്റെ കാലത്ത് സ്വർണ്ണത്തിൽ വ്യത്യാസം ഉണ്ടായിട്ടുണ്ടെങ്കിൽ ഉത്തരവാദിത്വം വഹിക്കുമെന്നും ഏത് ഏജൻസി വേണമെങ്കിലും അന്വേഷിക്കട്ടെയെന്നും പത്മകുമാർ പറഞ്ഞു.