സംസ്ഥാനത്ത് വിലകയറ്റം തടയാൻ സാധിച്ചുവെന്ന് മന്ത്രി ജി ആർ അനിൽ. വിപണിയിൽ ഫലപ്രദമായി സർക്കാരിനും സപ്ലൈക്കോക്കും പൊതുവിതരണ വകുപ്പിനും ഇടപെടാൻ കഴിഞ്ഞു. 46,000 ത്തോളം പേർ കഴിഞ്ഞ ദിവസങ്ങളിൽ സപ്ലൈക്കോയെ ആശ്രയിച്ചുവെന്നും സപ്ലൈകോയെ ജനങ്ങൾ ഏറ്റെടുക്കുന്ന കാഴ്ച കണ്ടുവെന്നും മന്ത്രി വ്യക്തമാക്കി.
പൊതുജങ്ങൾക്ക് സപ്ലൈകോയെ വിശ്വാസമാണ്. ഓണക്കാലത്ത് സർവകാല റെക്കോർഡിലേക്ക് സപ്ലൈക്കോ നീങ്ങുന്നു. ഓഗസ്റ്റ് മാസം മാത്രം 293 കോടി രൂപയുടെ വില്പന സപ്ലൈകോയിൽ നടന്നു. ഓഗസ്റ്റ് 27ന് മാത്രം വിൽപ്പന 13 കോടി രൂപയിലേറെയായിരുന്നു. 29 ആം തീയതി 17 കോടിയിലധികം വിൽപ്പനയിൽ എത്തി. മുപ്പതാം തീയതിയിലും 19 കോടിലധികം രൂപയുടെ വില്പനയാണ് നടന്നതെന്നും മന്ത്രി അറിയിച്ചു.
6,14,217 ഓണക്കിറ്റുകൾ വിതരണം ചെയ്തു. AAY കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ നാല് പേർക്ക് ഒരു കിറ്റ് എന്ന നിലയിൽ വിതരണം ചെയ്തു. ഓഗസ്റ്റ് മാസം പൊതുവിതരണ വകുപ്പിൽ നടന്നത് സർവകാല റെക്കോഡ് വിൽപനയെന്നും മന്ത്രി പറഞ്ഞു. ഓണം കഴിഞ്ഞാലും വെളിച്ചെണ്ണ വില കുറക്കാനുള്ള ഇടപെടൽ നടത്തും. വെളിച്ചെണ്ണ വിലവർധനയിൽ സപ്ലൈകോ ഇടപെടൽ ഫലപ്രദമായിരുന്നു.
നെൽകൃഷിക്കാർക്കുള്ള പണം 100 കോടി സംസ്ഥാന സർക്കാർ അനുവദിച്ചു. 232 കോടി രൂപ കൂടി ഇനി നൽകാൻ ഉണ്ട്. കേന്ദ്രത്തിന്റെ ഫണ്ട് ഇതുവരെ ലഭിച്ചിട്ടില്ല. ഓണത്തിന് മുൻപ് കർഷകർക്ക് പണം നൽകണം എന്നാണ് ആഗ്രഹിക്കുന്നത്. 2061 കോടി രൂപ കുടിശിക അടക്കം കേന്ദ്രം നൽകാൻ ഉണ്ട്. അത് നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.