മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ ജാമ്യത്തിൽ കഴിയുന്ന നടനും നിർമാതാവുമായ സൗബിൻ ഷാഹിറിന്റെ വിദേശയാത്രാനുമതി തള്ളി എറണാകുളം മജിസ്ട്രേറ്റ് കോടതി. സാമ്പത്തിക തട്ടിപ്പുകേസിലെ ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് നടപടി. വിദേശത്ത് നടക്കുന്ന അവാർഡ് ഷോയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് തള്ളിയത്. ജാമ്യ വ്യവസ്ഥ പ്രകാരം വിദേശത്ത് പോകാനാവില്ലെന്ന് നിർദേശം ഉണ്ടായിരുന്നു.ഇത് ചോദ്യം ചെയ്താണ് സൗബിൻ വിചാരണ കോടതിയെ സമീപിച്ചത്. പരാതിക്കാരനും പ്രോസിക്യൂഷനും ആവശ്യത്തെ എതിർത്തിരുന്നു.
കേസിലെ പ്രധാന സാക്ഷികൾ വിദേശത്തുണ്ടെന്നും ഇവരെ സൗബിൻ സ്വാധിനിക്കാൻ സാധ്യതയുണ്ടെന്നുമായിരുന്നു പരാതിക്കാരന്റെ വാദം. പരാതിക്കാരന് വേണ്ടി അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹാജരായി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ ലാഭവീതം വാഗ്ദാനം ചെയ്ത് തട്ടിപ്പ്
നടത്തിയിരുന്ന പരാതിയിലാണ് മരട് പൊലീസ് സൗബിനെ പ്രതി ചേർത്ത് കേസെടുത്തത്.