Headlines

ഒമാനില്‍ ഇറാന്‍ ആക്രമണം; ദുഖും തുറമുഖത്ത് രണ്ട് ഡ്രോണുകള്‍ പതിച്ചു; ഖസബ് തുറമുഖത്ത് എണ്ണക്കപ്പലിന് നേരെയും ആക്രമണം

ഒമാനില്‍ ഇറാന്‍ ആക്രമണം. ദുഖും തുറമുഖത്ത് രണ്ട് ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായെന്ന് ഒമാന്‍ അറിയിച്ചു. ഡ്രോണുകളില്‍ ഒന്ന് തൊഴിലാളികളുടെ താമസ കേന്ദ്രത്തില്‍ പതിച്ചു. ഒരു തൊഴിലാളിക്ക് പരുക്കേറ്റെന്നാണ് വിവരം. ഖസബ് തുറമുഖത്ത് കപ്പലിന് നേരെയും ആക്രമണമുണ്ടായി. (iran Drone strike at Duqm Port in oman)ഒമാനില്‍ ഖസബ് തുറമുഖത്താണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്. ജീവനക്കാരെ രക്ഷപ്പെടുത്തിയെന്നാണ് വിവരം. ഈ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു. കപ്പലില്‍ 15 ഇന്ത്യക്കാരും അഞ്ച് ഇറാന്‍ പൗരന്മാരുമുണ്ടായിരുന്നു. കപ്പല്‍ ജീവനക്കാര്‍ നിലവില്‍ സുരക്ഷിതരാണ്. എണ്ണക്കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്.ഒരു ഡ്രോണിന്റെ ഭാഗങ്ങള്‍ ദുഖും തുറമുഖത്തെ ഇന്ധന ടാങ്കുകള്‍ക്ക് സമീപത്ത് പതിച്ചെങ്കിലും ആള്‍ നാശമോ കാര്യമായ വസ്തുനഷ്ടമോ സംഭവിച്ചിട്ടില്ലെന്നാണ് ഒമാന്റെ ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തിന്റെ സുരക്ഷയ്ക്ക് കോട്ടം വരുത്തുന്ന ആക്രമണങ്ങളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കാനായി എല്ലാവിധ മുന്‍ കരുതലുകളും സ്വീകരിക്കുമെന്ന് ഒമാന്‍ ഭരണകൂടം വ്യക്തമാക്കി. ഇറാന്റെ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഒമാന്‍ ഭരണകൂടം അറിയിച്ചു.

യുഎസ് വ്യോമതാവളങ്ങള്‍ ലക്ഷ്യമിട്ട ഇറാന്റെ പ്രത്യാക്രമണത്തില്‍ ഗള്‍ഫ് മേഖല വിറയ്ക്കുകയാണ്. ദുബായിലെ പാം ജുമൈറയിലും ബുര്‍ജ് അല്‍ അറബിലും വിമാനത്താവളത്തിലും അടക്കം യുഎഇയിലെ ആറിടത്ത് ആക്രമണം. ബഹ്‌റൈനിലെ മനാമയില്‍ കെട്ടിട സമുച്ചയത്തില്‍ മിസൈല്‍ പതിച്ചു. ഖത്തര്‍, കുവൈറ്റ്, ജോര്‍ദാന്‍, ഇറാഖ് എന്നിവിടങ്ങളിലും സ്‌ഫോടനമുണ്ടായി. ആക്രമണത്തെ ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മ അപലപിച്ചു. സൗദി കിരീടാവകാശിയെ വിളിച്ച് ട്രംപ് പിന്തുണ അറിയിച്ചു. യുഎഇ ലക്ഷ്യമിട്ട് ഇറാന്‍ അയച്ചത് 137 മിസൈലുകളും 209 ഡ്രോണുകളുമാണ് പതിച്ചത്.