Headlines

ഖത്തറിലെ യുഎസ് സൈനിക താവളത്തിലേക്കുള്ള ഇറാന്‍ ആക്രമണം: ഗള്‍ഫില്‍ വ്യോമഗതാഗതം നിലച്ചു; വിമാനങ്ങള്‍ റദ്ദാക്കി

ഖത്തറിലെ അമേരിക്കന്‍ താവളം ഇറാന്‍ ആക്രമിച്ചതിന് പിന്നാലെ ഗള്‍ഫ് മേഖലയിലെ വ്യോമഗതാഗതം നിലച്ചു. ഖത്തറും ബഹ്‌റൈനും കുവൈറ്റും വ്യോമപാത അടച്ചു. തുടര്‍ന്ന് ഗള്‍ഫിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കുന്നതായി എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാര്‍ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്ന് ഇന്‍ഡിഗോ അറിയിച്ചു. ഗള്‍ഫിലെ വ്യോമഗതാഗതം നിലച്ച പശ്ചാത്തലത്തില്‍ ഈയടുത്ത് ഗള്‍ഫിലേക്ക് യാത്ര ചെയ്യാനിരിക്കുന്ന യാത്രക്കാര്‍ അതത് എയര്‍ലൈന്‍ സര്‍വീസുകളുമായി ബന്ധപ്പെടണമെന്ന് തിരുവനന്തപുരം വിമാനത്താവളം മുന്നറിയിപ്പ് നല്‍കി

കൊച്ചിയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ 4.15 ന് ഖത്തറിലേക്ക് പുറപ്പെടേണ്ട ഖത്തര്‍ എയര്‍വേസ് സര്‍വീസ് റദ്ദ് ചെയ്തു. വൈകിട്ട് 7 ന് ഖത്തറിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം മസ്‌ക്കറ്റിലേക്ക് തിരിച്ചുവിട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. തിരുവനന്തപുരത്ത് നിന്ന് ബഹ്‌റൈനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനവും തിരിച്ചുവരികയാണ്.

ഖത്തറിലെ അല്‍-ഉദൈദിലെ യുഎസ് താവളം ലക്ഷ്യമാക്കിയാണ് ഇറാന്റെ മിസൈല്‍ ആക്രമണം നടന്നത്. ആക്രമണം ഖത്തറും സ്ഥിരീകരിച്ചിട്ടുണ്ട്. ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസി കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സുരക്ഷിതമായ ഇടങ്ങളില്‍ തുടരണമെന്നാണ് നിര്‍ദേശം.

ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. ഇത് രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് നേരെയുള്ള ആക്രമണമാണെന്നും ശക്തമായ തിരിച്ചടി നല്‍കുമെന്നും ഖത്തര്‍ അറിയിച്ചു. എന്നാല്‍ നിലവില്‍ പരിഭ്രാന്തിയില്ലെന്നാണ് ഖത്തറിലെ മലയാളികളുടെ പ്രതികരണം. അതേസമയം തങ്ങള്‍ ലക്ഷ്യമിട്ടത് യുഎസ് താവളങ്ങള്‍ മാത്രമാണെന്നും ജനവാസമേഖലയില്‍ ആക്രമണം നടത്തിയിട്ടില്ലെന്നും ഇറാന്‍ പ്രതികരിച്ചു.

അതേസമയം സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ആക്രമണങ്ങള്‍ക്കെതിരെ മുന്‍ കരുതലെന്ന നിലയില്‍ ഖത്തര്‍ വ്യോമപാത അടയ്ക്കാന്‍ തീരുമാനമെടുത്തിരുന്നു. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ അമേരിക്കന്‍ സേനാതാവളമാണ് ഖത്തറിലെ അല്‍ ഉദൈദ് എയര്‍ ബേസ്.