യുക്രൈനിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു. ഖാർകീവിൽ നടന്ന ആക്രമണത്തിലാണ് കർണാടക സ്വദേശിയും ഖാർകീവ് മെഡിക്കൽ യൂണിവേഴ്‌സിറ്റി നാലാം വർഷ വിദ്യാർഥിയുമായ നവീൻ ജ്ഞാനഗൗഡർ എന്ന വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. ഖാർകീവിലുള്ള മലയാളി വിദ്യാർഥികളും നവീന്റെ മരണം സ്ഥിരീകരിക്കുന്നുണ്ട്
ഇന്ത്യൻ വിദ്യാർഥി ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന വിവരം വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട നവീന്റെ മാതാപിതാക്കൾ ചെന്നൈയിലാണുള്ളത്. ഇവരുമായി വിദേശകാര്യ മന്ത്രാലയം ബന്ധപ്പെടുന്നുണ്ട്. ഷെല്ലാക്രമണത്തിൽ ഒരു ഇസ്രായേലി പൗരനും കൊല്ലപ്പെട്ടിട്ടുണ്ട്
ഖാർകീവിൽ ഷെല്ലാക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർഥിക്ക് ജീവൻ നഷ്ടപ്പെട്ടതായുള്ള വിവരം ദുഃഖത്തോടെ സ്ഥിരീകരിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബവുമായി മന്ത്രാലയം ബന്ധപ്പെട്ട് വരികയാണ്. കുടുംബത്തോട് അഗാധമായ അനുശോചനം അറിയിക്കുന്നുവെന്ന് വിദേശകാര്യ വക്താവ് ട്വീറ്റ് ചെയ്തു.