Headlines

‘കടലാമ മാത്രമല്ല കേരളത്തിലുള്ളത്, ഇത് പകപോക്കൽ; ബിജെപിയും കോൺഗ്രസും മുസ്ലിം ലീഗും വികസന വിരോധികൾ’; മുഖ്യമന്ത്രി

കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം കേരളത്തിന് മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എൽഡിഎഫിന്റെ വടക്കൻ മേഖല ജാഥ കാസറഗോഡ് കുമ്പളയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കകുകയായിരുന്നു മുഖ്യമന്ത്രി.എയിംസിൽ ബിജെപി ആരോപണം മുഖ്യമന്ത്രി തള്ളി. എയിംസിനായി സ്ഥലം നൽകിയിട്ടും കേന്ദ്രം മുഖം തിരിക്കുകയാണ്. പ്രധാനമന്ത്രിയോട് ഇക്കാര്യം പറഞ്ഞിട്ടും അവഗണനയാണ് ഫലമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു സംസ്ഥാനം എന്ന നിലയ്ക്ക് കേരളത്തോട് കേന്ദ്രസർക്കാർ അവഗണന കാണിക്കുന്നുവെന്ന് മുഖ്യമന്ത്രി വിമർശിച്ചു. കേരളത്തിന് അർഹതപ്പെട്ടതെല്ലാം നിഷേധിക്കുന്നു. ബജറ്റ് അവതാരണത്തോടെ കേന്ദ്ര അവഗണനയിൽ ജനങ്ങൾ പൂർണ ബോധവാന്മാരായി. ഇന്നത്തെ ബജറ്റിൽ കേരളത്തിന്റെ പ്രധാന ആവശ്യങ്ങൾ ഒന്നും പരാമർശിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.കേരളത്തോടുള്ള കേന്ദ്രസർക്കാറിന്റെ നിലപാടിൽ മാറ്റം വന്നിട്ടില്ല. കടലാമയെ സംരക്ഷിക്കാൻ മാത്രമാണ് ബജറ്റ് പറഞ്ഞത്. ‌കടലമയെ സംരക്ഷിക്കുന്നതിൽ തെറ്റില്ല. എന്നാൽ കടലാമ മാത്രമല്ല കേരളത്തിലുള്ളത്. അർദ്ധ അതിവേഗ റെയിൽ കേരളം ചോദിച്ചു. ഇ ശ്രീധരനെ പേരെടുത്ത് പറയാതെ വിമർശിച്ച് മുഖ്യമന്ത്രി. എന്തോ വരാൻ പോകുന്നു എന്ന പ്രതീതി സൃഷ്ടിച്ചെന്ന് മുഖ്യമന്ത്രി പരോക്ഷ വിമർശനം ഉന്നയിച്ചു.

മറ്റ് സംസ്ഥാനങ്ങൾക്കെല്ലാം എല്ലാം കിട്ടിയെന്നും എന്താണ് കേരളത്തിനുള്ള അയോഗ്യതയെന്നും മുഖ്യമന്ത്രി ചോദിച്ചു. അയോഗ്യത സംബന്ധിച്ചു നമ്മൾ തന്നെ സ്വയം ബോധവാന്മാരാകണം. നമ്മൾ വല്ലാതെ ശ്വാസം മുട്ടുന്ന അവസ്ഥയിലാണ്. പ്രകൃതി ദുരന്തങ്ങളിൽ പോലും പക്ഷപാതപരമായ നിലപാട് സ്വീകരിച്ചത്. കേരളത്തെ സഹായിക്കാൻ തയ്യാറായ മറ്റ് രാജ്യങ്ങളെയും പിന്തിരിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ നടപടികളെ വാക്കിലോ നോക്കിലോ വിമർശിക്കാൻ കേരളത്തിലെ പ്രതിപക്ഷം തയ്യാറായില്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചു. കേരള സർക്കാരിനെയും കേരളത്തെയും വിമർശിക്കുന്ന നിലപാടാണ് കോൺഗ്രസും, മുസ്ലിം ലീഗും സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.വന്ദേ ഭാരത് വന്നപ്പോൾ കൂടുതൽ ട്രെയിൻ വേണം എന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. അതിനു പ്രത്യേക റെയിൽ വേണം. എന്നാൽ അതിനെ എതിർക്കുകയായിരുന്നു കോൺഗ്രസും ലീഗും ചെയ്തത്. കെ റെയിൽ വിഷയത്തിലും പ്രതിപക്ഷം വിയോജിച്ചു. ഇത് അതിവേഗ റെയിൽ നൽകാതിരിക്കാൻ കാരണമായി. ബിജെപിയും കോൺഗ്രസും മുസ്ലിം ലീഗും വികസന വിരോധികളാണ് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മറ്റ് സംസ്ഥാനങ്ങളിൽ നാടിന്റെ പൊതുവായ ആവശ്യങ്ങൾക്ക് വേണ്ടി ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചു നിൽക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വിഴിഞ്ഞം തുറമുഖത്തിന്റെ നടത്തിപ്പിന് പോലും സഹായം ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തോട് ബിജെപിയ്ക്കുള്ള പകപോക്കലാണ് നടക്കുന്നത്. ഭരണത്തെയും ബിജെപി അതിനായി ഉപയോഗിക്കുന്നു. ബിജെപിയുടെ വെറുപ്പും വിദ്വേഷവും കേരളം അംഗീകരിക്കുന്നില്ല. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.