Headlines

‘അതിവേഗ ട്രെയിൻ ഇടനാഴി കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ഗുണം ലഭിക്കും’; വിശദീകരണവുമായി കേന്ദ്രമന്ത്രി

അതിവേഗ ട്രെയിൻ ഇടനാഴിയിൽ കേരളത്തെ തഴഞ്ഞതിന് പിന്നാലെ വിശദീകരണവുമായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിൽ നിരവധി പദ്ധതികൾ റെയിൽവേ നടത്തുന്നുണ്ട്. കൂടുതൽ ഉത്തരം നാളെ സംസ്ഥാനത്തിന് വേണ്ടി വിളിക്കുന്ന വാർത്ത സമ്മേളനത്തിൽ പറയും. ഏഴ് അതിവേഗ ട്രെയിൻ ഇടനാഴി ഇന്ന് പ്രഖ്യാപിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് അതിന്റെ നേട്ടം ഉണ്ടാകും. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ഗുണം ലഭിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.കേരളത്തിൽ നിരവധി പ്രൊജക്റ്റുകൾ റെയിൽവേ നടത്തുന്നുണ്ടെന്നും ഇതിന് സംസ്ഥാന സർക്കാരിന്റെ സഹകരണം ആവശ്യം ആണെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. വരുന്ന 4 മാസത്തിന് ഉള്ളിൽ ഇന്ന് ബജറ്റിൽ പ്രഖ്യാപിച്ച ഹൈ സ്പീഡ് ട്രെയിൻ ഇടനാഴിയുമായി ബന്ധപ്പെട്ട അടുത്ത നടപടിയിലേക്ക് കടക്കും. 7 ഹൈ സ്പീഡ് ട്രെയിൻ ഇടനാഴികളുടെ നിർമ്മാണം ഒരുമിച്ച് നടത്തുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അതിവേഗ റെയിൽ പാതയോ എയിംസോ പ്രഖ്യാപിക്കാതെയുള്ള ബജറ്റിൽ കേരളത്തിന് നിരാശയാണുണ്ടായത്. ബിജെപി അധികാരത്തിലെത്തിയ തിരുവനന്തപുരം കോർപ്പറേഷനും ബജറ്റിൽ പ്രത്യേക പദ്ധതികളില്ല. സംസ്ഥാനത്തെ ഉൾപ്പെടുത്തി ധാതു ഇടനാഴി പ്രഖ്യാപിച്ചതാണ് ബജറ്റ് പ്രസംഗത്തിൽ കേരളത്തിനുള്ള ചെറുനേട്ടം. അതിവേഗ വേഗ റെയിൽ പാത, എയിംസ്, വിഴിഞ്ഞം വികസനം, ശബരി പാത, പ്രത്യേക സാമ്പത്തിക പാക്കേജ് തുടങ്ങി കേരളം പ്രതീക്ഷയോടെ കാത്തിരുന്ന ഒന്നും നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ഇടംപിടിച്ചില്ല.