ബജറ്റില്‍ അതിവേഗ റെയില്‍ പദ്ധതി പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. പ്രവര്‍ത്തനം തുടങ്ങാന്‍ രേഖമൂലം നിര്‍ദേശം ലഭിച്ചിട്ടില്ല. ആദ്യം ഡിപിആര്‍ തയാറാക്കുകയാണ് വേണ്ടത്. ജനുവരി 16ന് കേന്ദ്ര റെയില്‍വേ മന്ത്രിയെ കണ്ടപ്പോള്‍ പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ പറഞ്ഞിരുന്നു. ഈ നിര്‍ദേശം വരും ദിവസങ്ങളില്‍ ഡിഎംആര്‍സിക്ക് ലഭിക്കുമെന്നും മലപ്പുറത്ത് ഓഫീസ് തുറക്കുമെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.പദ്ധതിയുമായി ബന്ധപ്പെട്ട ഫോളോ അപ്പുകള്‍ മന്ത്രിയുമായി സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. റെയില്‍വേ മന്ത്രിക്ക് ഇതിന്റെ മുഴുവന്‍ കാര്യങ്ങളും ചെയ്യാന്‍ അധികാരം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍ആര്‍ടി എന്തായാലും വരില്ലെന്നും കൂട്ടിച്ചേര്‍ത്തു.അതേസമയം, കേരളത്തിന് കടുത്ത അവഗണനയാണ് മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റില്‍. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അതിവേഗ റെയില്‍ പാതയോ എയിംസോ പ്രഖ്യാപിക്കാതെയുള്ള ബജറ്റില്‍ കേരളത്തിന് നിരാശയുണ്ട്. ബിജെപി അധികാരത്തിലെത്തിയ തിരുവനന്തപുരം കോര്‍പ്പറേഷനും ബജറ്റില്‍ പ്രത്യേക പദ്ധതികളില്ല. സംസ്ഥാനത്തെ ഉള്‍പ്പെടുത്തി ധാതു ഇടനാഴി പ്രഖ്യാപിച്ചതാണ് ബജറ്റ് പ്രസംഗത്തില്‍ കേരളത്തിനുള്ള ചെറുനേട്ടം.
കേരളത്തിന്റെ ആവശ്യം അതിവേഗപാത. കിട്ടിയത് കടലാമ പരിപാലന പദ്ധതിയും. കേന്ദ്രബജറ്റില്‍ കേരളത്തിന് സമ്പൂര്‍ണ അവഗണന. അതിവേഗ വേഗ റെയില്‍ പാത, എയിംസ്, വിഴിഞ്ഞം വികസനം, ശബരി പാത, പ്രത്യേക സാമ്പത്തിക പാക്കേജ് തുടങ്ങി കേരളം പ്രതീക്ഷയോടെ കാത്തിരുന്ന ഒന്നും നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ ഇടംപിടിച്ചില്ല. ഏഴ് അതിവേഗ റെയില്‍ ഇടനാഴികള്‍ പ്രഖ്യാപിച്ചെങ്കിലും സംസ്ഥാനം ഒഴിവാക്കപ്പെട്ടു. ധാതുഖനന ഇടനാഴിയില്‍ കേരളത്തെ ഉള്‍പ്പെടുത്തിയെങ്കിലും ഇതേ പ്രഖ്യാപനം സംസ്ഥാന ബജറ്റിലും ഉണ്ടായിരുന്നു.
നാളികേര വികസനത്തിനും, കൊക്കോ-കശുവണ്ടി കൃഷി എന്നിവയ്ക്ക് ബജറ്റില്‍ പ്രഖ്യാപനമുള്ളത് കേരളത്തിന് നേട്ടമാകുമെന്നാണ് പ്രതീക്ഷ. പഴയ തെങ്ങുകള്‍ വെട്ടിമാറ്റി പുതിയ തൈകള്‍ വയ്ക്കുന്നതിന് പദ്ധതി നടപ്പാക്കും. കശുവണ്ടി-കൊക്കോ ഉത്പന്നങ്ങളെ ആഗോള ബ്രാന്‍ഡ് ആക്കി മാറ്റുമെന്നും പ്രഖ്യാപനമുണ്ട്.








