മൂന്നാം ആഷസിലും ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച; ഒന്നാമിന്നിംഗ്‌സിൽ 185ന് പുറത്ത്

 

ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. ബോക്‌സിംഗ് ഡേയിൽ മെൽബണിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 65.1 ഓവറിൽ ഇംഗ്ലണ്ട് 185 റൺസിന് ഒന്നാമിന്നിംഗ്‌സിൽ ഓൾ ഔട്ടായി

50 റൺസെടുത്ത നായകൻ ജോ റൂട്ടും 35 റൺസെടുത്ത ജോണി ബെയിർസ്‌റ്റോയും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഒലി റോബിൻസൺ 22 റൺസും ബെൻ സ്‌റ്റോക്‌സ് 25 റൺസുമെടുത്തു. സാക് ക്രൗലി 12, ഡേവിഡ് മലാൻ 14, ജോസ് ബട്‌ലർ 3, ജാക്ക് ലീച്ച് 13 എന്നിവർ കാര്യമായ സംഭാവനകൾ നൽകാതെ മടങ്ങി

ഓസ്‌ട്രേലിയക്ക് വേണ്ടി പാറ്റ് കമ്മിൻസും നഥാൻ ലിയോണും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. മിച്ചൽ സ്റ്റാർക്ക് രണ്ടും സ്‌കോട്ട് ബോലാൻഡ്, കാമറോൺ ഗ്രീൻ എന്നിവർ ഓരോ വിക്കറ്റും നേടി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയ വിക്കറ്റ് നഷ്ടമില്ലാതെ 10 റൺസ് എന്ന നിലയിലാണ്.