ബോള്‍ പൊസെഷനിലും ആക്രമണത്തിലുമെല്ലാം ഹൈദരാബാദിനായിരുന്നു മേല്‍ക്കൈ. അതുകൊണ്ടു തന്നെ അവര്‍ അര്‍ഹിച്ച വിജയം കൂടിയായിരുന്നു ഇത്. കളിയിലെ മേല്‍ക്കൈ പരിഗണിക്കുമ്പോള്‍ ഇതിനേക്കാള്‍ മികച്ച മാര്‍ജിനില്‍ ഹൈദരാബാദ് വിജയിക്കേണ്ടതായിരുന്നു. എന്നാല്‍ ആധിപത്യം ഗോളാക്കി മാറ്റാന്‍ അവര്‍ക്കായില്ല.
കളിയുടെ തുടക്കം മുതല്‍ ഹൈദരാബാദായിരുന്നു ജിഎംസി സ്‌റ്റേഡിയത്തില്‍ കളം വാണത്. 10 മിനിറ്റാവുമ്പോഴേക്കും മൂന്നു കോര്‍ണറുകള്‍ നേടിയെടുത്ത അവര്‍ നയം വ്യക്തമാക്കിയിരുന്നു. 34ാം മിനിറ്റില്‍ ഹൈദരാബാദിന്റെ ഹൈ പ്രസിങ് ഗെയിമിനു മുന്നില്‍ ഒഡീഷയ്ക്കു ഗോള്‍ വഴങ്ങേണ്ടി വന്നു. ഹാളിചരണ്‍ നര്‍സാറിയുടെ ഷോട്ട് ബോക്‌സിനകത്തു വീണ സ്റ്റീവന്‍ ടെയ്‌ലര്‍ കൈകൊണ്ട് ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇതോടെ റഫറി പെനല്‍റ്റി സ്‌പോട്ടിലേക്കു വിരല്‍ ചൂണ്ടി. സ്പാനിഷ് താരം സന്റാന മികച്ചൊരു പെനല്‍റ്റിയിലൂടെ ഒഡീഷയുടെ വല കുലുക്കി. ഒന്നാം പകുതിയുടെ ഇഞ്ചുറിടൈമില്‍ ഹൈദരാബാദിന് ലീഡുയര്‍ത്താന്‍ അവസരം. പക്ഷെ നര്‍സാറിയുടെ കരുത്തുറ്റ ഗ്രൗണ്ട് ഷോട്ട് ഒഡീഷ ഗോളി അര്‍ഷ്ദീപ് ഇടതു വശത്തേക്കു ഡൈവ് ചെയ്ത് തട്ടികയറ്റുകയായിരുന്നു.
ആദ്യ പകുതിയില്‍ നിര്‍ത്തിയ ഇടത്തു തന്നെയാണ് രണ്ടാംപകുതിയില്‍ ഹൈദരാബാദ് തുടങ്ങിയത്. മനോഹരമായ ഫുട്‌ബോളിലൂടെ ഹൈദരാബാദ് ആധിപത്യം തുടര്‍ന്നപ്പോള്‍ ഒഡീഷ കളിക്കളത്തില്‍ വെറും ആള്‍ക്കൂട്ടം മാത്രമായി മാറി. 67ാം മിനിറ്റില്‍ നേരിയ വ്യത്യാസത്തിലാണ് ഹൈദരാബാദിന് രണ്ടാം ഗോള്‍ നഷ്ടമായത്. ഇടതു വിങിലൂടെ ഒഡീഷ പ്രതിരോധത്തെ ഡ്രിബ്ള്‍ ചെയ്ത് ഓടിക്കയറിയ ലിസ്റ്റണ്‍ തൊടുത്ത ഇടംകാല്‍ ഗ്രൗണ്ടര്‍ സെക്കന്റ് പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തുപോവുകയായിരുന്നു.
78ാം മിനിറ്റില്‍ ഹൈദരാബാദ് ഒഡീഷ ഗോള്‍മുഖം വിറപ്പിച്ചു. ശാസ്‌ത്രെയുടെ കോര്‍ണര്‍ കിക്ക് ഗോള്‍ സ്‌കോററായ സന്റാനയുടെ തലയ്ക്കു പാകത്തിനാണ് വന്നത്. ഉയര്‍ന്നുചാടി സ്പാനിഷ് താരം തൊടുത്ത ഹെഡ്ഡര്‍ ക്രോസ് ബാറിനു മുകളിലൂടെ മൂളിപ്പറന്ന് പുറത്തേക്കു പോയി.