ഷാര്‍ജ: പ്രതിരോധിക്കാന്‍ ഏറെ റണ്‍സുണ്ടായിരുന്നില്ല ചെന്നൈ സൂപ്പര്‍ കിങ്‌സിന്. വെച്ചുതാമസിപ്പിക്കാന്‍ മുംബൈ ഇന്ത്യന്‍സും ഉദ്ദേശിച്ചില്ല. ഷാര്‍ജ രാജ്യാന്തര സ്റ്റേഡിയത്തില്‍ ക്വിന്റണ്‍ ഡികോക്കും (46*) ഇഷന്‍ കിഷനും (68*) ‘നൃത്തമാടിയപ്പോള്‍’ ചെന്നൈയുടെ തോല്‍വി അതിവേഗത്തിലായി. 115 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റുപിടിച്ച മുംബൈ 46 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ജയം കൈപ്പിടിയിലാക്കിയത്. മറുഭാഗത്ത് ചെന്നൈ നിരയില്‍ പന്തെടുത്തവര്‍ക്കാര്‍ക്കും മുംബൈയുടെ വിക്കറ്റ് വീഴ്ത്താനായില്ല. തോല്‍വിയോടെ ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ‘പെട്ടിയില്‍ ഒരാണിക്കൂടി’ തറയ്ക്കപ്പെട്ടു. സ്‌കോര്‍: ചെന്നൈ 114/9, മുംബൈ 12.2 ഓവറില്‍ 115/0.
കളി എത്രയുംപെട്ടെന്ന് തീര്‍ക്കാനുള്ള ആവേശത്തിലാണ് മുംബൈ ഇന്ത്യന്‍സ് ബാറ്റിങ് ആരംഭിച്ചത്. ദീപക് ചഹറിനെയും ഹേസല്‍വുഡിനെയും ആദ്യ ഓവറുകളില്‍ത്തന്നെ കിഷന്‍ – ഡികോക്ക് സഖ്യം കടന്നാക്രമിച്ചു. ഫലമോ, പവര്‍പ്ലേ തീരുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 52 റണ്‍സ് കണ്ടെത്താന്‍ മുംബൈയ്ക്കായി. വിക്കറ്റ് മോഹിച്ച് കടന്നെത്തിയ ശാര്‍ദ്ധുല്‍ താക്കൂറിനോ രവീന്ദ്ര ജഡേജയ്‌ക്കോ ഇമ്രാന്‍ താഹിറിനോ മുംബൈയുടെ കുതിപ്പിന് കടിഞ്ഞാണിടാന്‍ സാധിച്ചില്ല. മൂവരും കണക്കിന് അടിവാങ്ങുകയും ചെയ്തു. ജഡേജയെറിഞ്ഞ ഒന്‍പതാം ഓവറിലാണ് ഇഷന്‍ കിഷന്‍ അര്‍ധ സെഞ്ച്വറി തികച്ചത്. ഇതേ ഓവറില്‍ രണ്ടുതവണ ജഡേജയെ താരം സിക്‌സറിന് പറത്തി. മറുപുറത്ത് ഡികോക്കും ആഞ്ഞുവീശിയതോടെ മുംബൈ 46 പന്തുകൾ ബാക്കി നിൽക്കെ ജയിച്ചുകയറി.