ഖത്തര്‍ ലോകകപ്പിന് ഇനി ഒരു വര്‍ഷത്തിന്റെ കാത്തിരിപ്പ് മാത്രം; കൗണ്ട്ഡൗണ്‍ ഇന്ന് ആരംഭിക്കും

 

ദോഹ: ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പ് മാമാങ്കത്തിന് ഇനി ഒരു വര്‍ഷത്തിന്റെ കാത്തിരിപ്പ് മാത്രം. ദോഹയില്‍ സജ്ജമാക്കിയ വമ്പന്‍ ക്ലോക്കില്‍ ഇന്ന് 2022 ലോകകപ്പിന്റെ കൗണ്ട്ഡൗണ്‍ ആരംഭിക്കും.

2022 നവംബര്‍ 21-നാണ് ഖത്തര്‍ ലോകകപ്പിന്റെ കിക്കോഫ്. ദോഹ കോര്‍ണിഷില്‍ അരമണിക്കൂര്‍ നീളുന്ന പ്രത്യേക പരിപാടിയിലാണ് ഒരു വര്‍ഷത്തെ കൗണ്ട്ഡൗണ്‍ ഇന്ന് ആരംഭിക്കുന്നത്. പ്രാദേശിക സമയം രാത്രി 8.30-നാണ് ചടങ്ങ് നടക്കുക. ആരാധകര്‍ക്ക് വെര്‍ച്വലായി പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കും.

ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ അറബ് രാജ്യമാണ് ഖത്തര്‍. സ്റ്റേഡിയങ്ങള്‍, മെട്രോ, എക്സ്പ്രസ് ഹൈവേ, പഞ്ചനക്ഷത്രഹോട്ടലുകള്‍ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളെല്ലാം ഏറക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതുവരെ ഏഴ് സ്റ്റേഡിയങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ലോകകപ്പ് നടക്കുന്നത്.

അല്‍ ഖോറിലുള്ള അല്‍ ബെയ്ത് സ്റ്റേഡിയത്തിലാണ് ടൂര്‍ണമെന്റിന് കിക്കോഫാകുന്നത്. സ്റ്റേഡിയത്തില്‍ അറുപതിനായിരം പേര്‍ക്ക് ഇരിക്കാം. ആധുനികതയും മനോഹാരിതയും ചേര്‍ത്തുവെച്ചാണ് സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്. ലൂസൈല്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍. ഇവിടെ 80,000 പേര്‍ക്ക് സ്റ്റേഡിയത്തില്‍ ഇരിക്കാം.