ഒന്നാം സമ്മാനം 12 കോടി രൂപ; ക്രിസ്തുമസ് പുതുവത്സര ബംപർ പ്രകാശനം ചെയ്തു ടിക്കറ്റ് വില 300 രൂപയാണ്

 

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ഈ വർഷത്തെ ക്രിസ്തുമസ് പുതുവത്സര ബംപർ പ്രകാശനം ചെയ്തു. സെക്രട്ടേറിയറ്റ് പിആർ ചേംബറിൽ നടന്ന ചടങ്ങില്‍ ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ ഗതാഗത മന്ത്രി ആന്റണി രാജുവിന് നൽകിയാണ് ടിക്കറ്റിന്റെ പ്രകാശനം നിർവഹിച്ചത്.

കഴിഞ്ഞ തവണ ക്രിസ്തുമസ് പുതുവത്സര ബംപർ ടിക്കറ്റുകൾ അച്ചടിച്ചതിൽ സാധുവായ മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു. ഇത്തവണ 24 ലക്ഷം ടിക്കറ്റുകളാണ് നിലവിൽ അച്ചടിച്ചിട്ടുള്ളത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വില 300 രൂപയാണ്.

അതേസമയം, ഈ വർഷത്തെ പൂജ ബംപർ (BR 82) നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗോർഖീഭവനിലാണ് നറുക്കെടുപ്പ്. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ (www. keralalotteries.com) ഫലം അറിയാം.

30 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണ പൂജ ബംപർ (BR 76) ഭാഗ്യക്കുറിയുടെ 30 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ച് വിൽപ്പന നടത്തിയത്. ഇതിൽ നിന്നും ലാഭമായി 15.82 കോടി രൂപ ലഭിച്ചു.