ഐഎസ്എല്ലില്‍ ആറു വര്‍ഷത്തൈ കാത്തിരിപ്പിനൊടുവില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു വീണ്ടുമൊരു ഫൈനല്‍ ടിക്കറ്റ്. അപകടകാരികളായ ജംഷഡ്പൂര്‍ എഫ്‌സിയെ ആവേശകരമായ പോരാട്ടത്തില്‍ ഇരുപാദങ്ങളിലുമായി നടന്ന സെമി ഫൈനലില്‍ 2-1നു വീഴ്ത്തിയാണ് കൊമ്പന്‍മാര്‍ കലാശക്കളിയിലേക്കു മുന്നേറിയത്. വാസ്‌കോയിലെ തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാംപാദ സെമി 1-1നു സമനിലയില്‍ കലാശിക്കുകയായിരുന്നു. എന്നാല്‍ ആദ്യപാദത്തില്‍ നേടിയ 1-0ന്റെ വിജയം മഞ്ഞപ്പടയ്ക്കു ജയവും ഫൈനല്‍ ടിക്കറ്റും സമ്മാനിക്കുകയായിരുന്നു. 2016നു ശേഷം ആദ്യമായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയത്. അന്നു കലാശക്കളിയില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയോടു ഷൂട്ടൗട്ടില്‍ തോല്‍ക്കുകയായിരുന്നു. അതിനു മുമ്പ് 2014ലെ പ്രഥമ സീസണിലും മഞ്ഞപ്പട ഫൈനലിലുണ്ടായിരുന്നെങ്കിലും അന്നും അത്‌ലറ്റികോ ഡി കൊല്‍ക്കത്തയാണ് കിരീടം തട്ടിയെടുത്തത്.
രണ്ടാംപാദ സെമിയില്‍ 18ാം മിനിറ്റില്‍ ഉറുഗ്വേയ്ന്‍ മിഡ്ഫീല്‍ഡര്‍ അഡ്രിയാന്‍ ലൂണയുടെ കിടിലന്‍ ഗോളില്‍ മഞ്ഞപ്പടയാണ് രണ്ടാംപാദ സെമിയില്‍ ആദ്യം മുന്നിലെത്തിയത്. ആദ്യപകുതിയില്‍ ഈ ലീഡ് കാത്തുസൂക്ഷിക്കാനും മഞ്ഞപ്പടയ്ക്കു സാധിച്ചു. രണ്ടാംപകുതി തുടങ്ങി അഞ്ചു മിനിറ്റിനകം പ്രണോയ് ഹല്‍ദറിലൂടെ ജംഷഡ്പൂര്‍ ഗോള്‍ മടക്കുകയായിരുന്നു. സെറ്റ് പീസില്‍ നിന്നായിരുന്നു ഇത്. രണ്ടാംപകുതിയില്‍ ജംഷഡ്പൂരിന്റെ ഹൈ പ്രെസിങ് ഗെയിമിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത് ബ്ലാസ്റ്റേഴ്‌സിന് കപ്പിന് തൊട്ടരികെയെത്തിക്കുകയായിരുന്നു.
ആദ്യപാദ സെമിയില്‍ വിജയഗോള്‍ നേടിയ സഹല്‍ അബ്ദുള്‍ സമദിനെ പുറത്തിരുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് ഈ മല്‍സരത്തില്‍ കളിച്ചത്. സഹലിനെയടക്കം രണ്ടു മാറ്റങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് രണ്ടാംപാദത്തില്‍ വരുത്തിയിരുന്നു. ആദ്യ പകുതിയില്‍ ജംഷഡ്പൂരിനെ അക്ഷരാര്‍ഥത്തില്‍ പിടിച്ചുകെട്ടിയാണ് ബ്ലാസ്‌റ്റേഴ്‌സ് ആധിപത്യം തെളിയിച്ചത്. ഒരു പഴുതും അവര്‍ക്കു ബ്ലാസ്റ്റേഴ്‌സ് നല്‍കിയില്ല. ലഭിച്ച അവസരങ്ങള്‍ ഗോളാക്കിയിരുന്നെങ്കില്‍ ആദ്യ പകുതിയില്‍ 3-0നെങ്കിലും ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തുമായിരുന്നു. മറുഭാഗത്ത് ജംഷഡ്പൂര്‍ ഒന്നാംപകുതിയില്‍ ഒരു തവണ വലകുലുക്കിയിരുന്നെങ്കിലും അത് ഓഫ്‌സൈഡ് വിളിക്കപ്പെടുകയായിരുന്നു.
കളി തുടങ്ങി രണ്ടാമത്തെ മിനിറ്റില്‍ത്തന്നെ ബ്ലാസ്‌റ്റേഴ്‌സ് അക്കൗണ്ട് തുറക്കേണ്ടതായിരുന്നു. പക്ഷെ അല്‍വാറോ വാസ്‌ക്വസ് അവിശ്വസനീയമാം വിധം അതു പുറത്തേക്കടിച്ചു പാഴാക്കുകയായിരുന്നു. ഡിഫ്‌ളക്ഷനൊടുവില്‍ ലഭിച്ച ബോള്‍ സെന്ററിലൂടെ ഓടിക്കയറിയ വാസ്‌ക്വസ് ഓഫ്‌സൈഡ് പൂട്ട് പൊളിച്ച് പിടിച്ചെടുത്ത് കുതിക്കുകയായിരുന്നു. ബോക്‌സിലേക്കു ഓടിക്കയറിയ വാസ്‌ക്വസിനു മുന്നില്‍ ജംഷഡ്പൂരിന്റെ മലയാഴി ഗോളി ടിപി രഹനേഷ് മാത്രം. കരുത്തുറ്റ ഷോട്ട് തൊടുക്കുന്നതിനു പകരം പന്ത് ഗോളിക്കു മുകളിലൂടെ ചിപ്പ് ചെയ്തിടുകയായിരുന്നു. പക്ഷെ ഇടതു പോസ്റ്റിനു തൊട്ടരികിലൂടെ അതു പുറത്തേക്കു പോവുന്നതാണ് കണ്ടത്.