ബംഗളൂരു ടെസ്റ്റിൽ ഇന്ത്യക്ക് 238 റൺസിന്റെ കൂറ്റൻ ജയം. വിജയലക്ഷ്യമായ 447 റൺസിലേക്ക് ബാറ്റ് ചെയ്ത ശ്രീലങ്ക രണ്ടാമിന്നിംഗ്‌സിൽ 208 റൺസിന് പുറത്തായി. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 252 റൺസാണ് എടുത്തത്. ശ്രീലങ്ക ഒന്നാമിന്നിംഗ്‌സിൽ 109 റൺസിന് പുറത്തായി. ഇന്ത്യ രണ്ടാമിന്നിംഗ്‌സിൽ 303ന് 9 വിക്കറ്റ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു. 447 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ കുറിച്ചത്
ഒരു വിക്കറ്റ് നഷ്ടത്തിൽ 28 റൺസ് എന്ന നിലയിലാണ് ശ്രീലങ്ക മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. ക്യാപ്റ്റൻ ദിമുത് കരുണരത്‌നയുടെ സെഞ്ച്വറിയാണ് ലങ്കൻ ഇന്നിംഗ്‌സിലെ പ്രത്യേകത. കരുണരത്‌ന 174 പന്തിൽ 107 റൺസെടുത്തു. 28 റൺസിനിടെയാണ് ശ്രീലങ്കയുടെ അവസാന അഞ്ച് വിക്കറ്റുകൾ നഷ്ടമായത്.
കുശാൽ മെൻഡിസ് 54 റൺസും ഡിക്ക് വെല്ല 12 റൺസുമെടുത്തു. ലങ്കൻ നിരയിൽ മറ്റാർക്കും രണ്ടക്കം തികയ്ക്കാനായില്ല. ഇന്ത്യക്ക് വേണ്ടി അശ്വിൻ നാല് വിക്കറ്റും ബുമ്ര മൂന്ന് വിക്കറ്റും വീഴ്ത്തി. അക്‌സർ പട്ടേൽ രണ്ടും ജഡേജ ഒരു വിക്കറ്റുമെടുത്തു. രണ്ടര ദിവസം കൊണ്ടാണ് ടെസ്റ്റ് അവസാനിച്ചത്. ബംഗളൂരുവിൽ പകലും രാത്രിയുമായാണ് ടെസ്റ്റ് നടന്നത്.