മുംബൈയിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് കൂറ്റൻ ജയം. ന്യൂസിലാൻഡിനെ 372 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 540 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാൻഡ് നാലാം ദിനത്തിന്റെ ആദ്യ സെഷൻ പൂർത്തിയാകും മുമ്പ് തന്നെ 167 റൺസിന് എല്ലാവരും പുറത്തായി. സ്പിന്നർമാർ കെണിയൊരുക്കിയ പിച്ചിൽ രണ്ടിന്നിംഗ്‌സിലും സ്‌കോർ 200 കടക്കാൻ ന്യൂസിലാൻഡിന് സാധിച്ചിരുന്നില്ല
ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. ഒന്നാമിന്നിംഗ്‌സിൽ മായങ്ക് അഗർവാളിന്റെ സെഞ്ച്വറി മികവിൽ ഇന്ത്യ 325 റൺസ് എടുത്തു. മായങ്ക് 150 റൺസെടുത്തു. അക്‌സർ പട്ടേൽ 52 റൺസും ശുഭ്മാൻ ഗിൽ 44 റൺസുമെടുത്തു. ന്യൂസിലാൻഡിന് വേണ്ടി അജാസ് പട്ടേൽ പത്ത് വിക്കറ്റുകൾ സ്വന്തമാക്കി റെക്കോർഡ് നേടിി
മറുപടി ബാറ്റിംഗിൽ ഒന്നാമിന്നിംഗ്‌സിൽ ന്യൂസിലാൻഡ് വെറും 62 റൺസിന് ഓൾ ഔട്ടായി. 17 റൺസെടുത്ത കെയ്ൽ ജമീസണാണ് ടോപ് സ്‌കോറർ. ടോം ലാഥം 10 റൺസെടുത്തു. ഇന്ത്യക്ക് വേണ്ടി അശ്വിൻ നാല് വിക്കറ്റും മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും സ്വന്തമാക്കി. അക്‌സർ പട്ടേൽ രണ്ട് വിക്കറ്റും ജയന്ത് യാദവ് ഒരു വിക്കറ്റുമെടുത്തുു
ന്യൂസിലാൻഡിനെ ഫോളോ ഓൺ ചെയ്യിക്കാതെ രണ്ടാമിന്നിംഗ്‌സ് ബാറ്റിംഗ് തുടരാനായിരുന്നു കോഹ്ലിയുടെ തീരുമാനം. രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യ ഏഴിന് 276 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു. മായങ്ക് അഗർവാൾ 62 റൺസും പൂജാര, ശുഭ്മാൻ ഗിൽ എന്നിവർ 47 റൺസ് വീതവുമെടുത്തു. കോഹ്ലി 36 റൺസും അക്‌സർ പട്ടേൽ 41 റൺസുമെടുത്തുു
540 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവെച്ചത്. രണ്ടാമിന്നിംഗ്‌സിൽ പക്ഷേ നിലയുറപ്പിക്കും മുമ്പ് തന്നെ സ്പിന്നർമാർ കിവീസ് ബാറ്റ്‌സ്മാൻമാരെ കുഴപ്പിക്കാൻ തുടങ്ങി. 60 റൺസെടുത്ത ഡാരിൽ മിച്ചലാണ് കീവിസിന്റെ ടോപ് സ്‌കോറർ. നിക്കോൾസ് 44 റൺസും വിൽ യംഗ് 20 റൺസുമെടുത്തു. 56.3 ഓവറിൽ അവര് 167 റൺസിന് പുറത്തായി. ഇന്ത്യക്കായി അശ്വിനും ജയന്ത് യാദവും നാല് വീതം വിക്കറ്റുകൾ സ്വന്തമാക്കി. അക്‌സർ പട്ടേൽ ഒരു വിക്കറ്റെടുത്തു.