ഈ മാസം പത്തൊമ്പതിന് ആരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ടൂർണ്ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനെ പ്രഖ്യാപിച്ചു. പ്രതിരോധ നിര താരം ജെസൽ കാർനെയ്‌റോ ആണ് പുതിയ ക്യാപ്റ്റൻ. അടുത്ത വെള്ളിയാഴ്ച നടക്കുന്ന ഉദ്‌ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എ.ടി.കെ മോഹൻ ബഗാനെ നേരിടും. ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിലാണ് ഉദ്‌ഘാടന മത്സരം.
നിലവിൽ ഗോവയിൽ പരിശീലനത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ടീം. ഇവാന്‍ വുകോമനോവിച്ചിന്റെ കീഴില്‍ പരിശീലിക്കുന്ന, പുതിയ സീസണിനുള്ള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.റിസർവ് ടീമിൽ നിന്ന് സച്ചിൻ സുരേഷ്, വി ബിജോയ് എന്നിവർ സീനിയർ ടീമിലെത്തിയതാണ് എടുത്തു പറയാനുള്ളത്. മുൻനിര താരങ്ങളെല്ലാം ടീമില്‍ ഇടംപിടിച്ചു.
ടീം ഇങ്ങനെ; ഗോൾകീപ്പർമാർ: ആൽബിനോ ഗോമസ്, പ്രഭ്‌സുഖൻ സിങ് ഗിൽ, മുഹീത് ഷബീർ, സച്ചിൻ സുരേഷ്. ഡിഫൻഡർമാർ: സന്ദീപ് സിങ്, നിഷു കുമാർ, അബ്ദുൽ ഹക്കു, ഹോർമിപാം റുവാഹ്, ബിജോയ് വി, എനെസ് സിപോവിച്ച്, മാർകോ ലെസ്‌കോവിച്ച്, ധനചന്ദ്ര മിതെയ്, സഞ്ജീവ് സ്റ്റാലിൻ, ജെസൽ കാർനെയ്‌റോ. മിഡ്ഫീൽഡർമാർ: ജീക്‌സൺ സിങ്, ഹർമൻജോത് ഖബ്ര, ആയുഷ് അധികാരി, ഗിവ്‌സൺ സിങ്, ലാൽതതാങ്ക ഖൽറിങ്, പ്രശാന്ത് കെ, വിൻസി ബരറ്റോ, സഹൽ അബ്ദുൽ സമദ്, സൈത്യാസെൻ സിങ്, രാഹുൽ കെപി, അഡ്രിയാൻ ലൂന. സ്‌ട്രൈക്കർമാർ: ചെഞ്ചോ ഗിൽത്‌ഷെൻ, ജോർജ് പെരേര ഡയസ്, ആൽവാരോ വാസ്‌ക്വിസ്.