മഞ്ഞക്കടലിരമ്പാൻ ബ്ലാസ്റ്റേഴ്‌സ്; ആദ്യപാദ സെമിയിൽ ഇന്ന് ജംഷഡ്പൂരിനെ നേരിടും

ഐഎസ്എൽ ആദ്യപാദ സെമിയിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജംഷഡ്പൂർ എഫ് സിയെ നേരിടും. വൈകുന്നേരം ഏഴരക്ക് ഗോവയിലാണ് മത്സരം. ആദ്യ പാദത്തിൽ തന്നെ ലീഡ് നേടി ഫൈനൽ ബർത്ത് ഉറപ്പിക്കാനാണ് ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമം. മാർച്ച് 15നാണ് ഇരു ടീമുകളും തമ്മിലുള്ള രണ്ടാംപാദ സെമി

കഴിഞ്ഞ സീസണുകളിൽ നിന്നൊക്കെ വ്യത്യസ്തമായി പോരാട്ടവീര്യം ഏറെയുള്ള ഒരു ടീമിനെയാണ് ബ്ലാസ്റ്റേഴ്‌സിനായി ഇവാൻ വുകോമനോവിച്ച് എന്ന പുതിയ പരിശീലകൻ ഒരുക്കിയിരിക്കുന്നത്. 2016ന് ശേഷം ആദ്യമായാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് സെമിയിൽ എത്തുന്നത്.

അതേസമയം ഈ സീസണിൽ ആരാധകർക്ക് മുമ്പിൽ ഹോം ഗ്രൗണ്ടിൽ കളിക്കാൻ സാധിക്കാത്തത് വലിയ നിരാശയാണെന്നും അടുത്ത സീസണിൽ അതിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഇവാൻ വുകോമനോവിച്ച് പറഞ്ഞു. ജംഷഡ്പൂരിനെതിരെയുള്ള സെമിയിൽ സമ്മർദമില്ല. മികച്ച ടീമുകളോട് കളിക്കുമ്പോൾ ചെറിയ പിഴവിന് പോലും വലിയ വില നൽകേണ്ടി വരും. അതിനാൽ കരുതലോടെ ഇറങ്ങുമെന്നും വുകോമനോവിച്ച് പറഞ്ഞു