വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ഇന്ത്യ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 237 റൺസ് എടുത്തു. ഇന്ത്യക്കായി സൂര്യകുമാർ യാദവ് അർധ സെഞ്ച്വറി തികച്ചു
കെ എൽ രാഹുൽ ടീമിലെത്തിയതോടെ ഇഷാൻ കിഷനെ മാറ്റി റിഷഭ് പന്തിനെ ഓപണറാക്കിയുള്ള ഇന്ത്യയുടെ നീക്കം പാളുകയായിരുന്നു. സ്‌കോർ 9ൽ നിൽക്കെ 5 റൺസെടുത്ത രോഹിത് ശർമ പുറത്തായി. സ്‌കോർ 39ൽ 18 റൺസെടുത്ത പന്തും പുറത്തായതോടെ ഇന്ത്യ പ്രതിരോധത്തിലേക്ക് വീണു.
നാല് റൺസ് അകലെ 18 റൺസെടുത്ത കോഹ്ലിയും ഔട്ടായതോടെ ഇന്ത്യ കനത്ത തകർച്ചയെ നേരിടുകയാണെന്ന് തോന്നിച്ചു. എന്നാൽ ക്രീസിലൊന്നിച്ച സൂര്യകുമാർ യാദവും കെ എൽ രാഹുലും ചേർന്ന് സ്‌കോർ 134 വരെ ഉയർത്തുകയായിരുന്നു
48 പന്തിൽ രണ്ട് സിക്‌സും നാല് ഫോറും സഹിതം 49 റൺസുമായി മികച്ച രീതിയിൽ നീങ്ങിയ രാഹുൽ റൺ ഔട്ടായി. സൂര്യകുമാർ യാദവ് 83 പന്തിൽ 64 റൺസെടുത്ത് പുറത്തായി. വാഷിംഗ്ടൺ സുന്ദർ 24 റൺസിന് വീണു. 25 പന്തിൽ 29 റൺസെടുത്ത ദീപക് ഹൂഡ വാലറ്റത്ത് പൊരുതിയെങ്കിലും 49ാം ഓവറിൽ പുറത്തായി. ഇന്നിംഗ്‌സ് അവസാനിക്കുമ്പോൾ ചാഹൽ 11 റൺസുമായി ക്രീസിലുണ്ടായിരുന്നു.
വിൻഡീസിന് വേണ്ടി അൽസാരി ജോസഫ്, ഒഡീൻ സ്മിത്ത് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. കെമർ റോച്ച്, ഹോൾഡർ, അകീൽ ഹുസൈൻ, ഫാബിയൻ അലൻ എന്നിവർ ഓരോ വിക്കറ്റെടുത്തു.