ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 578 റണ്‍സിന് ഓള്‍ഔട്ടായി. എട്ടുവിക്കറ്റിന് 555 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് 23 റണ്‍സ് കൂടിയേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. ബെസ്സ് (34), ജെയിംസ് ആന്ഡേഴ്സണ് (1) എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാം ദിനം ഇംഗ്ലണ്ടിന് നഷ്ടമായത്.
2011 നുശേഷം സ്വന്തം നാട്ടില്‍ ഇതാദ്യമായാണ് ഇന്ത്യ ഇന്നിംഗ്സില്‍ 550 റണ്‍സിന് മുകളില്‍ വഴങ്ങുന്നത്. 100ാം ടെസ്റ്റ് കളിക്കുന്ന റൂട്ടിന്റെ ഡബിള്‍ സെഞ്ച്വറിയാണ് ഇംഗ്ലണ്ട് ഇന്നിംഗ്സിന് കരുത്തായത്. 377 പന്തുകള്‍ നേരിട്ട റൂട്ട് രണ്ടു സിക്സും 19 ഫോറുമടക്കം 218 റണ്‍സെടുത്തു.
ബെന്‍ സ്റ്റോക്സ്, സിബ്ലി എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറി നേടി. സ്റ്റോക്സ് 118 ബോളില്‍ 82 റണ്‍സും സിബ്ലി 286 ബോളില്‍ 87 റണ്‍സും നേടി. ബേണ്‍സ് 33, പോപ്പ് 34, ബട്ലര് 30, ബെസ്സ് 34 എന്നിവയാണ് മറ്റ് മികച്ച പ്രകടനങ്ങള്‍.
ഇന്ത്യയ്ക്കായി ബുംറ, അശ്വിന് എന്നിവര്‍ മൂന്നു വിക്കറ്റ് വീതവും നദീം, ഇഷാന്ത് ശര്‍മ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 15 റണ്‍സ് എടുത്തിട്ടുണ്ട്.