പകരക്കാരനായി വന്ന് ചഹല്‍ കത്തിക്കയറി; നടരാജനും സൂപ്പര്‍:ആദ്യ ടി20 ഇന്ത്യക്ക്

കണ്‍കഷന്‍ സബ്റ്റിറ്റൂട്ടായി കളിച്ച് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലും അരങ്ങേറ്റക്കാരന്‍ ടി നടരാജനും കത്തിക്കയറിയപ്പോള്‍ കംഗാരുപ്പട ചാരമായി. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20 മല്‍സരത്തില്‍ 11 റണ്‍സിന്റെ വിജയമാണ് ഇന്ത്യ ആഘോഷിച്ചത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തി. ബാറ്റിങിനിടെ പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്കു പകരം കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ഗ്രൗണ്ടിലെത്തിയ ചഹല്‍ കളി മാറ്റിമറിക്കുകയായിരുന്നു. നാലോവറില്‍ 25 റണ്‍സിന് മൂന്നു വിക്കറ്റുകളെടുത്ത് താരം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. ഏകദിനത്തിനു പിന്നാലെ ടി20യിലെയും അരങ്ങേറ്റം നടരാജന്‍ ഗംഭീരമാക്കി. നാലോവറില്‍ 30 റണ്‍സിന് താരം മൂന്നു വിക്കറ്റുകള്‍ പിഴുതു.

162 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഓസീസിനു മുന്നില്‍ ഇന്ത്യ വച്ചത്. മറുപടിയില്‍ ഓസീസിന് ഏഴു വിക്കറ്റിന് 150 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഓസീസ് നിരയില്‍ ആരും തന്നെ 40ന് തികച്ചില്ല. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (35), ഡാര്‍സി ഷോര്‍ട്ട് (34), മോയ്‌സസ് ഹെന്റിക്വസ് (30) എന്നിവരാണ് പ്രധാന സ്‌കോറര്‍മാര്‍. ഒരു ഘട്ടത്തില്‍ ഏഴോവറില്‍ ഫിഫ്റ്റി തികച്ച് വിക്കറ്റ് നഷ്ടമാവാതെ കുതിച്ച ഓസീസിന് കടിഞ്ഞാണിട്ടത് പകരക്കാരനായി ബൗള്‍ ചെയ്ത ചഹലാണ്. പിന്നാലെ അപകടകാരിയായ സ്റ്റീവ് സ്മിത്തിനെയും (12) പുറത്താക്കി ചഹല്‍ ഇന്ത്യക്കു വിജയപ്രതീക്ഷയേകി. ചഹലിനെക്കൂടാതെ അരങ്ങേറ്റ മല്‍സരം കളിച്ച തമിഴ്‌നാട്ടുകാരനായ പേസര്‍ ടി നടരാജനും മികച്ച ബൗളിങ് കാഴ്ചവച്ചു. കളിയില്‍ രണ്ടു വിക്കറ്റ് താരം നേടി. ദീപക് ചഹറിന് ഒരു വിക്കറ്റ് ലഭിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ ഏഴു വിക്കറ്റിന് 161 റണ്‍സാണ് നേടിയത്. ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത് നാലു പേര്‍ മാത്രമാണ്. വൈസ് ക്യാപ്റ്റനും ഓപ്പണറുമായ കെഎല്‍ രാഹുലിന്റെ (51) ഫിഫ്റ്റിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് മാന്യത നല്‍കിയത്. പ്ലെയിങ് ഇലവനിലെത്തിയ മലയാളി താരം സഞ്ജു സാംസണ്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും 23 റണ്‍സില്‍ നില്‍ക്കെ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. 23 പന്തില്‍ പുറത്താവാതെ 44 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയെ 150 കടക്കാന്‍ സഹായിച്ചത്. അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും താരത്തിന്റെ ഇ്ന്നിങ്‌സിലുണ്ടായിരുന്നു.

40 പന്തില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടങ്ങുന്നതാണ് രാഹുലിന്റെ ഇന്നിങ്‌സ്. സഞ്ജു 15 പന്തില്‍ ഓരോ ബൗണ്ടറിയും സിക്‌സറുമടക്കമാണ് 23 റണ്‍സ് നേടിയത്. ഹാര്‍ദിക് പാണ്ഡ്യ 16 റണ്‍സിന് മടങ്ങി. ശിഖര്‍ ധവാന്‍ (1), ക്യാപ്റ്റന്‍ വിരാട് കോലി (9), മനീഷ് പാണ്ഡെ (2) എന്നിവര്‍ക്കു കാര്യമായ സംഭാവന നല്‍കാനായില്ല. ഓസീസിനു വേണ്ടി മോയ്‌സസ് ഹെന്റിക്വസ് മൂന്നും മിച്ചെല്‍ സ്റ്റാര്‍ക്ക് രണ്ടും വിക്കറ്റെടുത്തു.

ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 11 റണ്‍സാവുമ്പോഴേക്കും ധവാനെ ഇന്ത്യക്കു നഷ്ടമായി. ഓഫ്‌സൈഡിലേക്കു ഡ്രൈവിനു ശ്രമിച്ച ധവാനെ സ്റ്റാര്‍ക്കിന്റെ 144 കിമി വേഗത്തിലെത്തിയ പന്ത് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. തുടര്‍ന്നെത്തിയ കോലി തുടക്കം മുതല്‍ അറ്റാക്കിങ് മൂഡിലായിരുന്നു. ക്രീസിന് പുറത്തേക്ക് ഇറങ്ങി വന്നാണ് അദ്ദേഹം ഓസീസ് ബൗളര്‍മാരെ നേരിട്ടത്. പക്ഷെ കോലിക്കു അധികനേരം ക്രീസില്‍ തുടരാനായില്ല. സ്പിന്നര്‍ സ്വെപ്‌സണിന്റെ ബൗളിങില്‍ അദ്ദേഹം പുറത്തായി. പുള്‍ ഷോട്ടിനു ശ്രമിച്ച കോലിയെ സ്വെപ്‌സണ്‍ സ്വന്തം ബൗളിങില്‍ പിടികൂടി.

സഞ്ജുവിന് ബാറ്റിങില്‍ പ്രൊമോഷന്‍ നല്‍കി. കോലിക്കു പിന്നാലെ ക്രീസിലെത്തിയത് സഞ്ജുവായിരുന്നു. രാഹുലിനൊപ്പം മികച്ച രീതിയില്‍ ബാറ്റ് ചെയ്ത അദ്ദേഹം ടീമിനെ മുന്നോട്ട് നയിച്ചു. 38 റണ്‍സ് മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു നേടി. എന്നാല്‍ സ്‌കോര്‍ 23ല്‍ നില്‍ക്കെ സഞ്ജു വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. ഹെന്‍ റിക്വസിന്റെ സ്ലോ ബ്ലോളില്‍ ആഞ്ഞടിച്ച സഞ്ജുവിനെ എക്‌സ്ട്രാ കവറിസല്‍ സ്വെപ്‌സണ്‍ ക്യാച്ച് ചെയ്തു.

ഇന്ത്യക്കു പിന്നീട് തുടരെ രണ്ടു വിക്കറ്റുകള്‍ നഷ്ടമായി പുതുതായി ക്രീസിലെത്തിയ മനീഷ് പാണ്ഡെയെ (2) സാംപയുടെ ബൗളിങില്‍ ജോഷ് ഹേസല്‍വുഡ് തേര്‍ഡ്മാനില്‍ മുന്നോട്ട് ഡൈവ് ചെയ്ത് പിടികൂടി. തൊട്ടടുത്ത ഓവറില്‍ തന്നെ രാഹുലും മടങ്ങി. ഹെന്‍ റിക്വസിന്റെ സ്ലോ ബോളാണ് രാഹുലിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചത്. സ്‌കോറിങ് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ ലോങ് ഓണില്‍ രാഹുലിനെ അബോട്ട് ക്യാച്ച് ചെയ്തു. ഇന്ത്യ അഞ്ചിന് 92. 17 പന്തില്‍ ആറു റണ്‍സ് മാത്രം നേടുന്നതിനിടെയാണ് ഇന്ത്യക്കു രാഹുലിനെയും നഷ്ടമായത്.

തമിഴ്‌നാട്ടുകാരനായ പേസര്‍ ടി നടരാജന്‍ ഈ മല്‍സരത്തിലൂടെ ഇന്ത്യക്കു വേണ്ടി ടി20യില്‍ അരങ്ങേറി. ഏകദിന പരമ്പരയിലെ അവസാന മല്‍സരത്തില്‍ കളിച്ച് ഏകദിനത്തിലും അരങ്ങേറിയതിനു പിന്നാലെയാണ് അദ്ദേഹത്തിന് ടി20യിലും നറുക്കുവീണത്.