പഞ്ചറായ ടയറുമായി ഒന്നാമത് ഫിനിഷ് ചെയ്ത് ഹാമിൽറ്റൺ; ഷൂമാക്കറിലേക്കെത്താൻ ഇനി വേണ്ടത് 4 വിജയങ്ങൾ

ഫോര്‍മുല വണ്‍ റേസില്‍ ബ്രിട്ടീഷ് ഗ്രാന്റ്പ്രീയില്‍ ആതിഥേയ താരവും നിലവിലെ ലോക ചാംപ്യനുമായ ലൂയിസ് ഹാമില്‍റ്റണ് കിരീടം. അവസാന ലാപ്പില്‍ ടയര്‍ പഞ്ചറായിട്ടും ഹാമില്‍റ്റണ്‍ റേസില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യുകയായിരുന്നു. പഞ്ചറായ ടയറുമായി ഹാമിൽടൺ ഫിനിഷ് ചെയ്യുന്ന രം​ഗങ്ങൾ ഇതിനകം വൈറലാണ്.

https://twitter.com/F1/status/1289953323207057411?s=20

ഈ വിജയത്തോടെ ഫോര്‍മുല വണ്ണിലെ എക്കാലത്തെയും വലിയ ഇതിഹാസം മൈക്കല്‍ ഷുമാക്കറുടെ റെക്കോര്‍ഡിന് ഒരുപടി കൂടി അടുത്തെത്താന്‍ ഹാമില്‍റ്റണിന് സാധിച്ചു. ഹാമില്‍റ്റണിന്റെ 87ാമത് കിരീട വിജയമാണ് ബ്രിട്ടീഷ് ഗ്രാന്റ്പ്രീയിലേത്. നാലു റേസുകള്‍ കൂടി ജയിക്കാനായാല്‍ 91 ഗ്രാന്റ്പ്രീ നേട്ടമെന്ന ഷുമാക്കറുടെ റെക്കോര്‍ഡിനൊപ്പം ബ്രിട്ടീഷ് താരമെത്തും.

കരിയറില്‍ ഇതു ഏഴാം തവണയാണ് ഹാമില്‍റ്റണ്‍ ബ്രിട്ടീഷ് ഗ്രാന്റ്പ്രീയില്‍ വെന്നിക്കൊടി പാറിച്ചത്. ആറു സെക്കന്റിന്റെ വ്യത്യാസത്തിലാണ് റെഡ് ബുള്‍ ടീമിന്റെ മാക്‌സ് വെസ്റ്റപ്പനെ ഹാമില്‍റ്റണ്‍ രണ്ടാംസ്ഥാനത്തേക്കു പിന്തള്ളിയത്. ഒരു ഘട്ടത്തില്‍ മേഴ്‌സിഡസ് ടീമില്‍ തന്റെ ടീമംഗമായ വല്‍റ്റേറി ബൊട്ടാസും ഹാമില്‍റ്റണും തമ്മിലായിരുന്നു പ്രധാന പോരാട്ടം. എന്നാല്‍ മൂന്നു റേസുകള്‍ ശേഷിക്കെ കാര്‍ പഞ്ചര്‍ ആയതോടെ ബൊട്ടാസ് പിന്തള്ളപ്പെടുകയായിരുന്നു.

ഈ സീസണിലെ നാലു റേസുകള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്നിലും ജയിക്കാന്‍ ഹാമില്‍റ്റണിനു കഴിഞ്ഞു. ബ്രിട്ടീഷ് ഗ്രാന്റ്പ്രി കൂടാതെ ഹംഗേറിയന്‍ ഗ്രാന്റ്പ്രി, സ്റ്റിറിയന്‍ ഗ്രാന്റ്പ്രി എന്നിവയിലും ഹാമില്‍റ്റണ്‍ ജയിച്ചിരുന്നു.