ഒരിക്കലും ഇല്ല, ഐ.പി.എല്‍ 2021 ൽ താനുണ്ടാവുമെന്ന് ധോണി

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച എം.എസ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സീസണിലെ മോശം പ്രകടനത്തോടെ ഐ.പി.എല്ലില്‍ നിന്നും വിരമിച്ചേക്കുമെന്ന ചര്‍ച്ചകള്‍ഡ ചൂടുപിടിച്ച് നടക്കുകയായിരുന്നു. വിരമിക്കല്‍ അഭ്യൂഹം ശക്തമായപ്പോള്‍ നിരവധി താരങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് ജേഴ്സി ഒപ്പിട്ടു വാങ്ങുന്നതും ഒരു കാഴ്ച്ചയായി. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ധോണി.

‘എല്ലാവരും എന്റെ പക്കല്‍ നിന്നും ജേഴ്സി വാങ്ങുന്നുണ്ടായിരുന്നു. ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് നേരത്തെ തന്നെ വിരമിച്ചതിനാല്‍ ഇനി ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുമെന്ന് കരുതിയാണത്. ഒരിക്കലും ഇല്ല, ഐ.പി.എല്‍ 2021 വെറും മാസങ്ങള്‍ അകലെയാണ്’ ധോണി പറഞ്ഞു

കോവിഡ് മൂലമാണ് ഇത്തവണ ഐ.പി.എല്‍ സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലേക്ക് മാറിയത്. അടുത്ത വര്‍ഷത്തെ ടൂര്‍ണമെന്റ് മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ഏപ്രില്‍ – മേയ് മാസങ്ങളില്‍ തന്നെ നടക്കാനാണ് സാദ്ധ്യത. ഹാര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, ജോസ് ബട്ട്ലര്‍, കുല്‍ദീപ് യാദവ്, നിതീഷ് റാണ തുടങ്ങിയവരാണ് ധോണിയുടെ ജേഴ്‌സി ഒപ്പിട്ടു വാങ്ങിച്ചത്. എന്നാല്‍ വിരമിക്കല്‍ അഭ്യൂഹങ്ങളെയെല്ലാം ഡാനി മോറിസന്റെ ചോദ്യത്തിന് നല്‍കിയ രണ്ട് വാക്ക് ഉത്തരത്തിലൂടെ ധോണി തൂത്തെറിഞ്ഞു

പഞ്ചാബിനെതിരായ മത്സരത്തിനു മുന്നോടിയായി ടോസിന് എത്തിയപ്പോഴാണ് അവതാരകനായ ഡാനി മോറിസന്‍, ആരാധകര്‍ മുഴുവന്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്ന ആ ചോദ്യം ധോണിയോട് ആരാഞ്ഞത്. ‘ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മഞ്ഞ ജേഴ്സിയില്‍ ഇത് താങ്കളുടെ അവസാന മത്സരമാകുമോ?’ മോറിസന്റെ ചോദ്യം, ‘ഉറപ്പായും അല്ല’ എന്ന് പുഞ്ചിരിയോടെ ധോണി മറുപടിയും നല്‍കി