തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് ബിനീഷ് കോടിയേരി. ശാരീരിക അവശതയുണ്ടെന്നും ബിനീഷ് പ്രതികരിച്ചു. നാല് ദിവസത്തെ രാത്രിയിലെ ലോക്കപ്പ് വാസം ബിനീഷിനെ മാനസികമായി തളർത്തി. കൊതു കടിയും മറ്റ് വിഷമതകളും ബിനീഷിനെ പ്രതിസന്ധിയിലാക്കുകയാണ്. ഇന്നലെ രാവിലെ ചോദ്യം ചെയ്യലിനായി ബെംഗളൂരുവിലെ ഇ. ഡി ഓഫീസിൽ എത്തിച്ചപ്പോഴായിരുന്നു ബിനീഷിന്റെ ആരോഗ്യ വിഷയത്തിലെ പ്രതികരണം. കള്ളക്കേസാണോ എന്ന് ചോദ്യത്തിന് അതെ എന്ന് ബിനീഷ് തലയാട്ടി പ്രതികരിച്ചു. ചർദിയുണ്ടെന്നും പറഞ്ഞു. ഇഷ്ട ഭക്ഷണം ഒന്നും കഴിക്കാൻ ബിനീഷിന് കഴിയുന്നില്ല.
ഇന്നും ബിനീഷ് ഇ. ഡിക്കെതിരെ പ്രതികരിച്ചിരുന്നു. ചെയ്യാത്ത കാര്യങ്ങൾ സമ്മതിക്കാൻ ഇ. ഡി. ഉദ്യോഗസ്ഥർ നിർബന്ധിക്കുകയാണെന്ന് ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ചികിത്സയ്ക്കായി ബൗറിങ് ആശുപത്രിയിലെത്തിയ ബിനീഷ് കോടിയേരി പ്രതികരിച്ചു. കൂടുതൽ സംസാരിക്കാൻ ഉദ്യോഗസ്ഥർ അനുവദിച്ചില്ല. ലഹരിമരുന്നുകേസുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി. ) തുടർച്ചയായ ചോദ്യം ചെയ്യലാണ് ബിനീഷിന് അഭിമുഖീകരിക്കേണ്ടി വരുന്നത്. കടുത്ത നടുവേദനയും ക്ഷീണവും അനുഭവപ്പെട്ടതിനാൽ വൈകീട്ട് 4.15 ന് ശിവാജി നഗറിലെ ബൗറിങ് ആശുപത്രിയിലെത്തിച്ചത്.
രാത്രി 9.15 ഓടെ തിരിച്ച് വിൽസൺ ഗാർഡൻ പൊലീസ് സ്റ്റേഷനിലെത്തിച്ചു. അസുഖം ഉണ്ടെന്ന് പറഞ്ഞിട്ടും ലോക്കപ്പിൽ തള്ളുകയായിരുന്നു. ഇന്നലെ രാവിലെ ഇഡി ഓഫീസിലെത്തിച്ചപ്പോഴും ബിനീഷ് ശാരീരിക അവശതകൾ നേരിടുന്നതായി പ്രകടമായിരുന്നു. നാല് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ബിനീഷിനെ ഇന്നലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബെംഗളൂരു കോടതിയിൽ ഹാജരാ ക്കി. മയക്കുമരുന്ന് കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ബിനീഷിനെ നാർകോട്ടിക്സ് ബ്യൂറോ കസ്റ്റഡിയിൽ വാങ്ങിയേക്കുമെന്നാണ് സൂചനകൾ. എങ്ങിൽ ഇനിയും ചോദ്യം ചെയ്യലുകൾ തുടരും. എൻഐഎയും ബിനീഷിനെ നോട്ടിമിട്ടിട്ടുണ്ട്.
അതിനിടെ ബിനീഷിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇല്ലായിരുന്നതിനാലാണ് മറ്റ് ആശുപത്രികളിലേക്ക് മാറ്റാതിരുന്നതെന്നു ഇ. ഡി. വൃത്തങ്ങൾ സൂചിപ്പിച്ചു. അതിനിടെ ബിനീഷിനെ ദേഹോപദ്രവം ഏൽപ്പിച്ചതായി അഭിഭാഷകർ ആരോപിച്ചു. . ബിനീഷ് കോടിയേരി പ്രതിയായ ബംഗളൂരു മയക്കുമരുന്നു കേസിനു തീവ്രവാദബന്ധവുമുണ്ടെന്നും പൗരത്വ നിയമഭേദഗതിക്കെതിരേ കർണാടകയിൽ നടന്ന സമരങ്ങളിൽ ഈ ലഹരിമാഫിയ സംഘം സജീവമായിരുന്നുവെന്നും അക്രമങ്ങളിൽ പങ്കെടുത്തിരുന്നുവെന്നും നിഗമനം. നർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് പുറമെ ആഭ്യന്തര സുരക്ഷാവിഭാഗവും കേസ് അന്വേഷിക്കുന്നുണ്ട്.
പൗരത്വ നിയമഭേദഗതിക്കെതിരേ കർണാടകയിൽ നടന്ന പല പ്രക്ഷോഭങ്ങളിലും ഇവർ പങ്കാളികളായിരുന്നു. ഇതിൽ ചിലർ മലയാളികളായിരുന്നുവെന്നും തെളിഞ്ഞതാണ്. ഇതുസംബന്ധിച്ച് ആഭ്യന്തര സുരക്ഷാ വിഭാഗം എട്ടു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബംഗുളൂരു കലാപവുമായി ബന്ധപ്പെട്ട് 75 ടെലിവിഷൻ- ചലച്ചിത്ര താരങ്ങളെയാണ് ഇതിനോടകം ചോദ്യംചെയ്തത്. ഇവരിൽനിന്നു ലഭിച്ച വിവരം അനുസരിച്ച് ചില മലയാളി ചലച്ചിത്രപ്രവർത്തകർക്കു സംഭവങ്ങളുമായി ബന്ധമുണ്ട്. പലരും അടുത്തകാലത്ത് ചലച്ചിത്രമേഖലയിലെത്തിയവരാണ്. ഇവരുമായി ബിനീഷിന് അടുത്ത ബന്ധമാണുള്ളത്. പലരും ചലച്ചിത്രമേഖലയിൽ എത്തിയതിന് പിന്നിൽ ബിനീഷിന്റെ സഹായമുണ്ടായിരുന്നു. ബിനീഷിലൂടെ സിനിമാ നിർമ്മാണത്തിന് പണം ഉപയോഗിക്കാനും ഇവർ ശ്രമിച്ചു. എന്നാൽ ഇവരുടെ യഥാർഥലക്ഷ്യം എന്താണെന്ന് മനസിലാക്കാൻ ബിനീഷിന് കഴിഞ്ഞില്ലെന്നും അന്വേഷണസംഘം കരുതുന്നു.
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കും. അനൂപിന്റെ മൊഴിയിൽനിന്ന് ശേഖരിച്ച പേരുവിവരങ്ങൾ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ ബംഗളുരു യൂണിറ്റ് ക്രോഡീകരിച്ച് പട്ടികയാക്കിയിട്ടുണ്ട്. ചലച്ചിത്ര നടന്മാർ, അണിയറപ്രവർത്തകർ തുടങ്ങിയരുടെ പേരുവിവരങ്ങൾ കൊച്ചിയിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് കൈമാറിയിട്ടുണ്ട്.