പെഗാസസ് ബഹളത്തിൽ മുങ്ങി സഭ; പാർലമെന്റിന്റെ വർഷകാല സമ്മേളനം വെട്ടിച്ചുരുക്കിയേക്കും

പെഗാസസ് വിഷയത്തെ ചൊല്ലി സഭ തുടർച്ചയായി സ്തംഭിക്കുന്ന സാഹചര്യത്തിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനം വെട്ടിച്ചുരുക്കാൻ സാധ്യത. ഇതുസംബന്ധിച്ച ആലോചന കേന്ദ്രസർക്കാർ തുടങ്ങിയിട്ടുണ്ട്. അഞ്ച് ബില്ലുകൾ മാത്രമാണ് ഈ സമ്മേളനകാലത്ത് പാസാക്കാനായത്.

പെഗാസാസിൽ ചർച്ചയ്ക്കും അന്വേഷണത്തിനുമില്ലെന്ന നരേന്ദ്രമോദി സർക്കാരിന്റെ പിടിവാശി കൂടുതൽ തെളിയുകയാണ്. ഇന്നലെ തുടർച്ചയായ ഒമ്പതാം ദിവസവും പാർലമെന്റ് സ്തംഭിച്ചിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന നിലപാടായിരുന്നു പ്രതിപക്ഷത്തിന്. ബഹളത്തെ തുടർന്ന് രാജ്യസഭയും ലോക്‌സഭയും തിങ്കളാഴ്ച വരെ നിർത്തി വെച്ചിരിക്കുകയാണ്.

എന്നാൽ അടിസ്ഥാനമില്ലാത്ത ആരോപണം മാത്രമാണ് പെഗാസസ് എന്നാണ് സർക്കാരിന്റെ വാദം. പ്രതിപക്ഷം ഉന്നയിച്ച എല്ലാ വിഷയങ്ങളിലും ചർച്ചക്ക് തയ്യാറാണെന്ന് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. എന്നാൽ ആഭ്യന്തര മന്ത്രി തന്നെ മറുപടി നൽകണമെന്ന നിലപാട് പ്രതിപക്ഷം ആവർത്തിക്കുകയായിരുന്നു.