വത്തിക്കാന്‍ സിറ്റി: ലോകത്തെ ഏറ്റവും അധികം സ്വാധീനമുള്ള നേതാക്കളായ ഫ്രാന്‍സിസ് പാപ്പയും യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും തമ്മില്‍ ഇന്നലെ നടന്ന കൂടിക്കാഴ്ച ഒന്നേകാല്‍ മണിക്കൂറില്‍ അധികം നീണ്ടത് അസാധാരണ സംഭവമായി. ലാറ്റിനമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയായ ഫ്രാൻസിസ് പാപ്പയും യുഎസ് പ്രസിഡന്റാകുന്ന രണ്ടാമത്തെ കത്തോലിക്കാ വിശ്വാസിയായ ജോ ബൈഡനും തമ്മിലുള്ള കുടിക്കാഴ്ച 75 മിനിറ്റ് നീണ്ടു. അതിനുശേഷം ബൈഡന്റെ ഭാര്യ ജില്ലും മറ്റും ചേർന്ന ഫോട്ടോ സെഷനിൽ 15 മിനിറ്റ് കൂടി മാർപാപ്പ ചെലവഴിച്ചു. ഇതാദ്യമാണ് ഒരു രാഷ്ട്രത്തലവനുമായി മാർപാപ്പ ഇത്രയേറെ സമയം കൂടിക്കാഴ്ച നടത്തുന്നത്.
ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി കഴിഞ്ഞദിവസം രാത്രി റോമിലെത്തിയ ബൈഡന്‍ ഇന്നലെ ഉച്ചഭക്ഷണത്തിനു മുന്പാണു വത്തിക്കാനിലെത്തിയത്. പത്‌നി ജില്‍ ബൈഡനും ഒപ്പമുണ്ടായിരുന്നു. കനത്ത സുരക്ഷയുടെ നടുവില്‍ അപ്പസ്തോലിക കൊട്ടാരത്തില്‍ എത്തിയ ബൈഡനെയും ഭാര്യയെയും പേപ്പല്‍ ഹൗസ് മേധാവി മോണ്‍. ലെയനാര്‍ദോ സാപിയെന്‍സ സ്വീകരിച്ചു. യുഎസ് മിലിട്ടറി കോയിന്‍ അടക്കമുള്ള സമ്മാനങ്ങള്‍ ബൈഡന്‍ മാര്‍പാപ്പയ്ക്കു നല്കി. തന്റെ പരേതനായ മകന്‍ ബ്യൂ ബൈഡനുവേണ്ടിയാണ് കോയിന്‍ നല്കുന്നതെന്ന് അദ്ദേഹം മാര്‍പാപ്പയോടു പറഞ്ഞു.