ഹിമാചലില്‍ ശക്തമായ മഴയും മണ്ണിടിച്ചിലും: ഒരു മരണം, പത്ത് പേരെ കാണാതായി; ദേശീയപാത 707 പൂര്‍ണമായും തകര്‍ന്നു

സിര്‍മോര്‍: കനത്തമഴയെ തുടര്‍ന്ന് ഹിമാചലില്‍ പ്രദേശിന്റെ പല സ്ഥലങ്ങളിലും ഉരുള്‍പൊട്ടല്‍ . മഴക്കെടുതിയില്‍  ഒരാള്‍ മരിക്കുകയും പത്ത് പേരെ കാണാതാവുകയും ചെയ്തു. ലാഹൗള്‍-സ്പിതി ജില്ലയിലെ ഉദയ്പുരിലാണ് അപകടം.ശക്തമായ മഴയില്‍ സിര്‍മൗറിലെ പവോണ്ട സാഹിബ് പ്രദേശവുമായി ഷിലായിയെ ബന്ധിപ്പിക്കുന്ന ദേശീയപാത 707 പൂര്‍ണമായും തകര്‍ന്നു. മലയിടിഞ്ഞ് ചണ്ഡീഗഢ്- മണാലി ദേശീയപാതയില്‍ ഗതാഗതവും തടസ്സപ്പെട്ടു.

മണ്ണിടിച്ചിലില്‍ ലാഹൗള്‍- സ്പിതി ജില്ലയിലെ ആറ് പാലങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ലാഹൗള്‍-സ്പിതി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ തദ്ദേശവാസികളും വിനോദസഞ്ചാരികളും ഉള്‍പ്പെടെ 204 പേര്‍ ഗതാഗതം തടസ്സപ്പെട്ട് കുടുങ്ങിപ്പോയിട്ടുണ്ട്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് ഹിമാചല്‍ പ്രദേശ് ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു.

നിലവില്‍ പ്രദേശത്ത് താത്കാലിക പാലം നിര്‍മിക്കുന്നതിനുള്ള പണികള്‍ നടന്നുവരികയാണ്. ജില്ലാ ഭരണകൂടത്തിന്റെ ആവശ്യ പ്രകാരം ആര്‍മി ആന്‍ഡ് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ ഇതിനായുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.