റാഞ്ചി: കൊവിഡ് കാലത്ത് പഠനം പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറിയപ്പോള്‍ ഏറെ പ്രതിസന്ധിയിലായത് സമൂഹത്തിലെ പാവപ്പെട്ട കുട്ടികളാണ്. ലോക്ക് ഡൗണിനെത്തുടര്‍ന്ന് ദൈനംദിന ജീവിതംതന്നെ വഴിമുട്ടിയ അവസ്ഥയില്‍ തങ്ങളുടെ മക്കള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിക്കൊടുക്കാനുള്ള ശേഷിയൊന്നും പല വീടുകളിലെയും മാതാപിതാക്കള്‍ക്കുണ്ടാവണമെന്നില്ല. ഓണ്‍ലൈന്‍ പഠനത്തിന് അനിവാര്യമായ ഫോണ്‍ കൈയിലില്ലാത്തതുമൂലം ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയാത്ത അനേകം വിദ്യാര്‍ഥികളാണ് രാജ്യത്തുള്ളത്.
എന്നാല്‍, ഓണ്‍ലൈന്‍ പഠനം മുടങ്ങാതിരിക്കാന്‍ മാങ്ങ വിറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ഈ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി. നിര്‍ധനരായ മാതാപിതാക്കള്‍ക്ക് ഫോണ്‍ വാങ്ങിനല്‍കാനുള്ള ശേഷിയില്ലെന്ന തിരിച്ചറിവാണ് ജാര്‍ഖണ്ഡ് ജംഷ്ദ്പൂര്‍ സ്വദേശിനിയായ 11കാരി തുളസീ കുമാരിയെ റോഡരികില്‍ മാങ്ങ വില്‍ക്കുന്നതിലേക്ക് നയിച്ചത്. ഒരു സ്മാര്‍ട്ട്‌ഫോണ്‍ എങ്ങനെയും വാങ്ങുകയായിരുന്നു ലക്ഷ്യം. ആ കൊച്ചുപെണ്‍കുട്ടിയുടെ സ്വപ്‌നം സഫലമാക്കാന്‍ മുന്നിട്ടിറങ്ങിയത് അമേയ ഹത്തേ എന്ന ബിസിനസുകാരനാണ്. പ്രാദേശിക വാര്‍ത്താമാധ്യമങ്ങളിലൂടെയാണ് തുളസിയുടെ പഠനത്തിനുള്ള ബുദ്ധിമുട്ട് അമേയ അറിഞ്ഞത്.
മുംബൈയിലെ വാല്യുബിള്‍ എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ എംഡിയാണ് അമേയ. അഞ്ചാം ക്ലാസുകാരിയുടെ തുടര്‍പഠനത്തിനായി അവള്‍ വില്‍പ്പനയ്ക്കുവച്ച മാങ്ങകള്‍ ഒന്നടങ്കം വാങ്ങാന്‍ അമേയ തീരുമാനിച്ചു. മാങ്ങ ഒന്നിന് 10,000 രൂപ നല്‍കി അവര്‍ ഒരു ഡസന്‍ മാമ്പഴക്കുട്ട കാലിയാക്കി. 1.2 ലക്ഷം രൂപയാണ് ഒറ്റയടിക്ക് തുളസിക്ക് ലഭിച്ചത്. ഇപ്പോഴിതാ ഇഷ്ടമുള്ള സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങി. ഇനി പുസ്തകം വാങ്ങാം. പഠിത്തവും തുടരാം. തുളസിയുടെ പിതാവ് ശ്രീമല്‍ കുമാറിന്റെ അക്കൗണ്ടിലേക്ക് നല്‍കിയ പണം മകളുടെ പഠനത്തിനുള്ളതാണെന്നും അമേയ വ്യക്തമാക്കിയിരുന്നു. വെര്‍ച്വല്‍ ക്ലാസ് സേവനം നല്‍കുന്ന കമ്പനിയാണ് അമേയയുടേത്.
പഠിക്കാന്‍ വഴിയില്ലാത്ത ഒരുപാടുപേര്‍ നാട്ടിലുണ്ട്. എന്നാല്‍, പ്രതീക്ഷ കൈവിടാതെ തുളസിയുടെ പഠിക്കാനുള്ള നിശ്ചയദാര്‍ഢ്യം തന്നെ ആകര്‍ഷിച്ചെന്നും അതിനുള്ള സഹായമാണ് നല്‍കിയതെന്നും അവര്‍ പറയുന്നു. ഫോണ്‍ വാങ്ങി നല്‍കാന്‍ മാതാപിതാക്കളോട് താന്‍ നിരന്തരം ആവശ്യപ്പെടുമായിരുന്നു. എന്നാല്‍, മഹാമാരികാലം വലിയ ദുരിതമാണ് കുടുംബത്തിന് ഏല്‍പ്പിച്ചത്. അങ്ങനെയാണ് പണം കണ്ടെത്താന്‍ മാങ്ങ വില്‍ക്കാന്‍ തുടങ്ങിയത്. അങ്ങനെയിരിക്കെ ഒരു ‘സര്‍’ വന്ന് തന്റെ മാങ്ങകള്‍ വലിയ വിലനല്‍കി വാങ്ങുകയായിരുന്നുെന്ന് തുളസി കുമാരി എഎന്‍ഐയോട് പറഞ്ഞു.
മകള്‍ക്ക് വിദ്യാഭ്യാസം ഓണ്‍ലൈനില്‍ തുടരണമെങ്കില്‍ സ്മാര്‍ട്ട്‌ഫോണ്‍ വേണമെന്ന് തുളസിയുടെ അമ്മ പത്മിനി ദേവി പറഞ്ഞു. സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നതിന് വേണ്ടിയാണ് റോഡരികില്‍ മാമ്പഴം വില്‍ക്കാന്‍ തുടങ്ങിയത്. മുംബൈയില്‍നിന്നുള്ള ഒരാള്‍ അവളെക്കുറിച്ച് അറിഞ്ഞപ്പോള്‍ സഹായിച്ചു. അങ്ങനെ പഠിക്കാനും ജീവിതത്തില്‍ എന്തെങ്കിലുമാവാനുമുള്ള അവളുടെ ആഗ്രഹം സാധിക്കും- ദേവി പറഞ്ഞു.