മൈസൂർ കൂട്ടബലാത്സംഗ കേസിൽ അറസ്റ്റിലായ അഞ്ച് പ്രതികളെയും സംഭവസ്ഥലമായ ചാമുണ്ഡി ഹിൽസിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രായപൂർത്തിയാകാത്ത ഒരാളടക്കം അഞ്ച് തമിഴ്‌നാട് സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്. അതേസമയം ഒളിവിൽ പോയ തിരുപ്പൂർ സ്വദേശിക്കായി അന്വേഷണം തുടരുകയാണ്
പിടിയിലായ പ്രതികളെ പെൺകുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. നേരത്തെ മൂന്ന് മലയാളി വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിൽ പങ്കില്ലെന്ന് വ്യക്തമായതോടെ ഇവരെ വിട്ടയച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ട്
ചൊവ്വാഴ്ചയാണ് എംബിഎ വിദ്യാർഥിനിയെ ആറ് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ അടിച്ചുവീഴ്ത്തിയ ശേഷമായിരുന്നു ക്രൂരത. പിന്നീട് പെൺകുട്ടിയെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.