മൈസൂർ കൂട്ടബലാത്സംഗം: അറസ്റ്റിലായ അഞ്ച് പ്രതികളും തിരുപ്പൂർ സ്വദേശികളെന്ന് പോലീസ്

 

മൈസൂരിൽ എംബിഎ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്തു. തിരുപ്പൂർ സ്വദേശികളാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. ഇതിലൊരാൾ പ്രായപൂർത്തിയാകാത്ത വ്യക്തിയാണ്. കർണാടക ഡിജിപി പ്രവീൺ സൂദാണ് വാർത്താ സമ്മേളനത്തിൽ വിവരം സ്ഥിരീകരിച്ചത്.

പ്രതികളെല്ലാം നിർമാണ തൊഴിലാളികളാണ്. തമിഴ്‌നാട്ടിൽ നിന്നും മൈസൂരിൽ ജോലിക്കെത്തിയ ഇവർ സംഭവത്തിന് ശേഷം രക്ഷപ്പെടുകയായിരുന്നു. അതേസമയം പ്രതികളുടെ പേരോ മറ്റ് വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല.

പ്രതികളിൽ മലയാളികൾ ഉൾപ്പെട്ടതായി നേരത്തെ അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. എൻജിനീയറിംഗ് വിദ്യാർഥികളാണെന്നും അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിച്ചെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് പ്രതികളെല്ലാം തമിഴ്‌നാട് സ്വദേശികളാണെന്ന് പോലീസ് സ്ഥിരീകരിച്ചത്.