കേരളത്തില്‍ മാത്രം കൊവിഡ് കേസുകള്‍ കുത്തനേ കൂടുന്നു; ആശങ്കയറിയിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും മോചനം നേടിയിട്ടും കേരളത്തില്‍ രോഗികളുടെ എണ്ണം കുറയാത്തതില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. രാജ്യത്ത് ആകെ റിപോര്‍ട്ട് ചെയ്യുന്ന രോഗികളില്‍ 50 ശതമാനത്തിലധികവും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പിന്തുടരുന്നതിന് പകരം സ്വന്തം നിലയില്‍ കേരളം ചികിൽസാ രീതികള്‍ ആവിഷ്‌കരിച്ചതാണ്‌ രോഗവ്യാപനം നിയന്ത്രണത്തിലാകാത്തതിന് കാരണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ കുറ്റപ്പെടുത്തി. ടെസ്റ്റ് നടത്തി പോസിറ്റീവായവരെ കണ്ടെത്തി ചികിൽസിച്ച് വ്യാപനം നിയന്ത്രിക്കുക എന്നതാണ് ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശം. ആരോഗ്യ സംവിധാനങ്ങളില്‍ കേരളം ശ്രദ്ധ കേന്ദ്രീകരിച്ചില്ല. ചില പ്രത്യേക വിഭാഗങ്ങളെ പ്രീണിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വി മുരളീധരന്‍ കുറ്റപ്പെടുത്തി. ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്‌.

ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് പോലും ശാസ്ത്രീയ അടിസ്ഥാനത്തിലല്ല. ശനിയും ഞായറും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. അതോടെ ആളുകള്‍ വെള്ളിയാഴ്ച മാര്‍ക്കറ്റിലേക്ക് ഒഴുകി. ഐസിഎംആര്‍ മാനദണ്ഡം പാലിക്കാന്‍ തയ്യാറാവണം. കൊവിഡിനെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുതെന്ന് വി മുരളീധരന്‍ പറഞ്ഞു.

രണ്ടാം തരംഗത്തിന്റെ ഒരു ഘട്ടത്തില്‍ കേരളത്തില്‍ 40,000ലധികം പ്രതിദിന കേസുകള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ജൂണ്‍ ആദ്യത്തോടെ ഇത് കുറയുകയും പിന്നീട് അശാസ്ത്രീയമായി ഇളവുകള്‍ അനുവദിച്ച് ജൂണ്‍ മൂന്നാം വാരത്തോടെ കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സ്ഥിതിയുണ്ടാക്കിയെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നത്.

ഈ കാലയളവില്‍ കേരളത്തിലെ കൊവിഡ് മരണനിരക്കും വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്ത് നാല് ലക്ഷത്തോളം ആക്റ്റിവ് കേസുകളുള്ളതില്‍ ഒന്നര ലക്ഷത്തോളവും കേരളത്തില്‍ നിന്നാണ്. കഴിഞ്ഞ രണ്ട് മാസങ്ങള്‍ കൊണ്ട് കേരളത്തില്‍ 13 ശതമാനത്തോളമാണ് മൊത്തം കേസുകളിലെ വര്‍ധനയെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.