രാജ്യത്ത് വീണ്ടും ഒരുലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍; 630 മരണവും റിപ്പോര്‍ട്ട് ചെയ്തു

രാജ്യത്ത് വീണ്ടും ഒരുലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍; 630 മരണവും റിപ്പോര്‍ട്ട് ചെയ്തു

രാജ്യത്ത് വീണ്ടും ഒരുലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,736 പോസിറ്റീവ് കേസുകളും 630 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ രണ്ടാം തരംഗ കൊവിഡ് വ്യാപനം ആദ്യത്തേതിലും അതിരൂക്ഷമായ സാഹചര്യത്തില്‍ അടുത്ത നാല് ആഴ്ച നിര്‍ണായകമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ മുഖ്യമന്ത്രിമാര്‍ യോഗം ചേരും. മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും പ്രതിദിന കേസുകള്‍ 55,000 കടന്നു. മുംബൈയില്‍ നിരോധനാജ്ഞ തുടരുന്നു. മഹാരാഷ്ട്ര,പഞ്ചാബ്, ഛത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലേക്ക് കേന്ദ്രത്തിന്റെ വിദഗ്ധ സംഘം ഇന്നെത്തും.

രോഗവ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടിപ്പിച്ചു. ഡല്‍ഹിയില്‍ ഇന്നലെ മുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാജ്യതലസ്ഥാനത്ത് ഇന്നലെ 5100 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഗുജറാത്തില്‍ ആറ് നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി.

കാറിനുള്ളില്‍ വാഹനം ഓടിക്കുന്നയയാള്‍ മാത്രമേ ഉള്ളൂ എങ്കിലും മാസ്‌ക് നിര്‍ബന്ധമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു.