യുവാക്കളുടെ ജീവിതം താളം തെറ്റുന്നതിനു പിന്നില്‍ തെറ്റായ അറിവുകളും മയക്കുമരുന്നും: പ്രധാനമന്ത്രി നരേന്ദ്ര മോദി

 

ന്യൂഡല്‍ഹി: രാജ്യത്തെ ഭൂരിഭാഗം യുവാക്കളുടേയും ജീവിതം താളം തെറ്റുന്നതിനു പിന്നില്‍ മദ്യവും മയക്കുമരുന്നും തെറ്റായ അറിവുകളുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ നടന്ന എന്‍സിസി കേഡറ്റുകളുടെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ ധാരാളം അറിവ് നമുക്ക് ലഭിക്കുന്നുണ്ട്. ഇത് ലോകത്ത് തന്നെ വലിയ അവസരങ്ങള്‍ പ്രദാനം ചെയ്യുന്നു. എന്നാല്‍ ഇത് പലരും ദുര്‍വിനിയോഗം ചെയ്യുകയാണ്. നമ്മുടെ രാജ്യത്തെ യുവാക്കള്‍ ഇതിനിരയാകരുത്. തെറ്റും ശരിയും തിരിച്ചറിയാനുള്ള കഴിവ് അവര്‍ക്കുണ്ട്. അമിതമായ ലഹരി ഉപയോഗത്തെ കുറിച്ച് യുവാക്കളെ ബോധവല്‍ക്കരിക്കാനുള്ള ചുമതല എന്‍സിസി കേഡറ്റുകള്‍ക്കാണ് അദ്ദേഹം പറഞ്ഞു.

ലഹരി-മയക്കുമരുന്നുകള്‍ യുവാക്കളെ എങ്ങിനെ നശിപ്പിക്കുന്നുവെന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാം. എന്നിട്ടും നമ്മുടെ സ്‌കൂളുകളിലും കോളേജുകളിലും ലഹരി എത്തുന്നു. എല്ലായിടത്തും എന്‍സിസി-എന്‍എസ്എസ് പ്രവര്‍ത്തകരുണ്ട്. ആരെ കൊണ്ടും ഇത് തടയാന്‍ പറ്റുന്നില്ല. ഈ പ്രവണത മാറ്റണം പ്രധാനമന്ത്രി പറഞ്ഞു.