ടിക്കറ്റുകള്‍ പണം നല്‍കി വാങ്ങുക; എയര്‍ ഇന്ത്യയ്ക്ക് നല്‍കാനുള്ള കടം വീട്ടാന്‍ മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം

 

ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായിരുന്ന എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിന് കൈമാറിയതിന് പിന്നാലെ സര്‍ക്കാര്‍ വകുപ്പുകള്‍ക്കുള്ള ടിക്കറ്റ് ആനുകൂല്യങ്ങള്‍ പിന്‍വലിച്ചു. എയര്‍ ഇന്ത്യയ്ക്ക് വിവിധ മന്ത്രാലയങ്ങള്‍ യാത്ര ചെലവ് ഇനത്തില്‍ നല്‍കാനുള്ള തുക വേഗത്തില്‍ തിരിച്ചടയ്ക്കണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇനി മുതല്‍ മന്ത്രാലങ്ങള്‍ എയര്‍ ഇന്ത്യയില്‍ നിന്നും ടിക്കറ്റ് എടുക്കുന്നതിന് പണം നല്‍കണമെന്നും ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.

എയര്‍ ഇന്ത്യയുടെ കുടിശ്ശിക ഉടന്‍ തീര്‍ക്കാന്‍ എല്ലാ മന്ത്രാലയങ്ങള്‍ക്കും / വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എയര്‍ ഇന്ത്യയില്‍ നിന്നുള്ള വിമാന ടിക്കറ്റുകള്‍, മറ്റ് നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകും വരെ പണം നല്‍കി വാങ്ങാം, എന്നുമാണ് ധനമന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നത്.

നേരത്തെ, ഉദ്യോഗസ്ഥര്‍ക്കുള്ള ലീവ് ട്രാവല്‍ കണ്‍സഷന്‍ ഉള്‍പ്പെടെയുള്ള വിമാന യാത്രാ ചെലവ് കേന്ദ്ര സര്‍ക്കാര്‍ ആയിരുന്നു വഹിച്ചിരുന്നത്. ഇവര്‍ക്കായി എയര്‍ ഇന്ത്യയില്‍ നിന്ന് മാത്രമേ ടിക്കറ്റ് വാങ്ങാന്‍ കഴിയുമുണ്ടായിരുന്നുള്ള. ഇതിന് പിന്നാലെ വിവിഐപി യാത്രകള്‍, കുടിയൊഴിപ്പിക്കല്‍, ഔദ്യോഗിക യാത്രകള്‍ എന്നിവ സംഘടിപ്പിച്ചത് പ്രകാരം വലിയ കുടിശ്ശികയും സര്‍ക്കാര്‍ എയര്‍ഇന്ത്യയ്ക്ക് നല്‍കാന്‍ ഉണ്ടായിരുന്നു. വിമാന കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കാന്‍ ഇത്തരം നടപടികള്‍ കാരണമായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അതിനിടെ, 18,000 കോടി രൂപയ്ക്ക് എയര്‍ ഇന്ത്യ ടാറ്റയ്ക്ക് വില്‍പന നടത്തിക്കൊണ്ടുള്ള കരാറില്‍ കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ച ഒപ്പുവച്ചിരുന്നു. ടാറ്റ സണ്‍സിന്റെ അനുബന്ധ സ്ഥാപനമായ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് എയര്‍ ഇന്ത്യയാണ് എയര്‍ ഇന്ത്യയെ ഏറ്റെടുത്തത്. വിമാനകമ്പനയിടെ ബാധ്യയില്‍ നിന്നും 15,300 കോടി രൂപ ഏറ്റെടുത്തുകൊണ്ടുമാണ് 2,700 കോടി രൂപ സര്‍ക്കാറിന് കൈമാറിയുമാണ് വില്‍പന കരാര്‍.