സൈനിക വിമാന നിര്‍മാണം; ടാറ്റയും എയര്‍ബസും കരാര്‍ ഒപ്പിട്ടു

ഇന്ത്യന്‍ വ്യോമസേനയ്ക്കായി സി295 യാത്രാ വിമാനങ്ങള്‍ നിര്‍മിക്കുന്നതിന് ടാറ്റയും സ്‌പെയിനിലെ എയര്‍ബസും 22,000 കോടി രൂപയുടെ കരാറില്‍ ഒപ്പിട്ടു. പ്രതിരോധ മേഖലയില്‍ സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രനയത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. കരാര്‍ പ്രകാരം 56 വിമാനങ്ങളില്‍ 16 എണ്ണം എയര്‍ബസ് നിര്‍മിച്ചു നല്‍കും. ബാക്കിയുള്ള 40 വിമാനങ്ങള്‍ ടാറ്റ കണ്‍സോര്‍ഷ്യം ഇന്ത്യയില്‍ നിര്‍മിക്കും. ഇതിനായി ബെംഗളൂരുവിലും ഗുജറാത്തിലും ഉത്തര്‍പ്രദേശിലും സ്ഥലം പരിഗണനയിലുണ്ട്.

2012 മുതലുള്ളതാണ് 22,000 കോടി രൂപയുടെ കരാര്‍. എന്നാല്‍ എയര്‍ബസ് ഒഴികെ മറ്റെല്ലാ കമ്പനികളും കരാര്‍ സ്വീകരിക്കാതെ പിന്മാറി. പല കമ്പനികളും പല ഓഫറുകളുമായി കേന്ദ്രത്തെ സമീപിച്ചെങ്കിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നില്ല. ഇതോടെയാണ് എയര്‍ബസിന് കരാര്‍ കിട്ടിയത്. ഇതോടെ രാജ്യത്തെ പ്രതിരോധ സേനയ്ക്ക് വേണ്ടി പോര്‍വിമാനങ്ങള്‍ നിര്‍മിക്കുന്ന ആദ്യ സ്വകാര്യ കമ്പനിയെന്ന നേട്ടവും ടാറ്റ സ്വന്തമാക്കി.

ഇന്ത്യന്‍ വ്യോമസേനയുടെ ഗതാഗതം ആധുനികവല്‍ക്കരിക്കുന്നതില്‍ സുപ്രധാന ചുവടുവെപ്പാണ് പുതിയ കരാര്‍. ഇന്ത്യന്‍ വ്യോമസേനയുടെ കാലപ്പഴക്കം ചെന്ന അവ്രോ വിമാനത്തിന് പകരമായാണ് പുതിയ വിമാനം ഉപയോഗിക്കുക. പൂര്‍ണ്ണ സജ്ജമായ റണ്‍വേ അവശ്യമില്ലാത്ത എയര്‍ സ്ട്രിപ്പുകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വിമാനം അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനും സൈന്യത്തിന്റെ ചരക്ക് നീക്കത്തിനും സഹായകമാവും.