ന്യൂഡൽഹി: തദ്ദേശീയ സംരംഭകർക്ക് ഭീഷണിയാണെന്ന് ആരോപിക്കുകയും ഈസ്റ്റ് ഇന്ത്യാ കമ്പനി 2.0 എന്ന് വിശേഷിപ്പിക്കുകയും ചെയ്ത ആർഎസ്എസ് പ്രസിദ്ധീകരണത്തിന് മറുപടി നൽകി ആമസോൺ. ആർഎസ്എസ് ബന്ധമുള്ള പ്രസിദ്ധീകരണമായ പഞ്ചജന്യയുടെ വിമർശനത്തിന് മണിക്കൂറുകൾക്കകമാണ് ഇ-കൊമേഴ്സ് വമ്പൻമാരായ ആമസോണിന്റെ മറുപടി ലഭിച്ചിരിക്കുന്നത്.
വിൽപ്പനക്കാർ, കരകൗശല വിദഗ്ധർ, വിതരണ – ലോജിസ്റ്റിക് പങ്കാളികൾ എന്നിവരടക്കുള്ള ചെറുകിട ബിസനുസുകാർക്ക് തങ്ങളുടെ ഇടപാടുകളിലൂടെ ലഭിക്കുന്ന മെച്ചം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ആമസോൺ മറുപടി നൽകിയിരിക്കുന്നത്.
‘കോവിഡ് മഹാമാരി കാലത്ത് മൂന്ന് ലക്ഷം പുതിയ വിൽപ്പനക്കാർ ഞങ്ങൾക്കൊപ്പം ചേർന്നു. അതിൽ 450 നഗരങ്ങളിൽ നിന്നായി 75000 ത്തോളം പ്രാദേശിക അയൽപ്പക്ക കടകളായിരുന്നു ഫർണീച്ചർ, സ്റ്റേഷനറി, സൗന്ദര്യവർധക വസ്തുക്കൾ, തുണിത്തരങ്ങൾ, മൊബൈൽ ഫോണുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്തത്’ – ആമസോൺ പ്രസ്താവനയിൽ കുറിച്ചു.
70000-ത്തിലധികം ഇന്ത്യൻ വ്യവസായികൾക്ക് അവരുടെ ഉത്പന്നങ്ങൾ ലോകമെമ്പാടും കയറ്റുമതി ചെയ്യാനും വിതരണം ചെയ്യാനും ആമസോൺ വഴി സാധിച്ചുവെന്നും പ്രസ്താവനയിൽ പറയുന്നു.
ഒക്ടോബർ മൂന്നിന് പുറത്തിറങ്ങാനിരിക്കുന്ന പുതിയ പതിപ്പിലാണ് അമേരിക്കൻ കമ്പനിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് പാഞ്ചജന്യ കവർ സ്റ്റോറി ചെയ്തിരിക്കുന്നത്. ആമസോൺ സിഇഒ ജെഫ് ബെസോസിന്റെ മുഖചിത്രത്തോടെയാണ് മാസിക പുറത്തിറങ്ങാനിരിക്കുന്നത്. ഇതിന്റെ കവർചിത്രം മാസികയുടെ എഡിറ്റർ ഹിതേഷ് ശങ്കർ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യ പിടിച്ചടക്കാൻ പതിനെട്ടാം നൂറ്റാണ്ടിൽ ഈസ്റ്റ് ഇന്ത്യ കമ്പനി എന്തൊക്കെ ചെയ്തിരുന്നോ അതുതന്നയാണ് ഇപ്പോൾ ആമസോൺ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ‘ഈസ്റ്റ് ഇന്ത്യ കമ്പനി 2.0’എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ ആരോപിക്കുന്നു. ഇന്ത്യൻ വിപണിയിൽ തങ്ങളുടെ കുത്തകാവകാശം സ്ഥാപിക്കാൻ ആമസോൺ ശ്രമിക്കുകയാണ്. ഇതുവഴി പൗരന്മാരുടെ സാമ്പത്തിക, രാഷ്ട്രീയ, വ്യക്തി സ്വാന്ത്ര്യത്തിലേക്ക് കടന്നുകയറാനുള്ള പദ്ധതികൾ അവർ ആരംഭിച്ചതായും പാഞ്ചജന്യ ആരോപിച്ചു.
ആമസോണിന്റെ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിനെതിരെയും പാഞ്ചജന്യ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്. ഇന്ത്യൻ സംസ്കാരത്തിന് എതിരായ സിനിമകളും ടെലിവിഷൻ സീരീസുകളുമാണ് പ്രൈം റിലീസ് ചെയ്യുന്നതെന്നും പാഞ്ചജന്യ ആരോപിച്ചു. ആമസോൺ രാജ്യത്ത് നരവധി വ്യാജ സ്ഥാപനങ്ങളെ നിയമച്ചിട്ടുണ്ടെന്നും സർക്കാർ നയങ്ങൾ തങ്ങൾക്കനുകൂലമാക്കി മാറ്റാൻ കോടികളുടെ കോഴ നൽകിയെന്നും മാസിക ആരോപിക്കുന്നു.