ആശങ്ക; ഒമിക്രോണ്‍ ഉപവകഭേദം ഇന്ത്യയില്‍ പിടിമുറുക്കുന്നുവെന്ന് റിപ്പോർട്ടുകൾ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന് കാരണമായ ഒമിക്രോണ്‍ വകഭേദത്തിന് ഡെല്‍റ്റയെക്കാള്‍ വ്യാപനതോത് കൂടുതലാണെന്ന് റിപ്പോർട്ടുകൾ. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഒമിക്രോണിനെക്കാള്‍ കൂടുതല്‍ വ്യാപനശേഷിയാണ് ബിഎ.2 എന്ന അതിന്റെ ഉപവകഭേദത്തിന്. രാജ്യത്ത് ബിഎ.2 ഉപവകഭേദം പതിയെ പിടിമുറുക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ സുജീത് സിങ് ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ബിഎ.3 ഉപവകഭേദം ഇതുവരെ ഇന്ത്യയില്‍ സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം ഡെല്‍റ്റ വകഭേദത്തിന്റെ ഭീഷണി അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.