പാർലമെന്റിൽ കോൺഗ്രസുമായി സഹകരിക്കാൻ താത്പര്യമില്ലെന്ന് തൃണമൂൽ

 

പാർലമെന്റിൽ കോൺഗ്രസുമായി സഹകരിക്കാൻ താൽപര്യമില്ലെന്ന് തൃണമൂൽ കോൺഗ്രസ്. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ കോൺഗ്രസുമായി സഹകരിക്കാൻ തൃണമൂലിന് താൽപര്യമില്ലെന്ന് മുതിർന്ന പാർട്ടി നേതാവിനെ ഉദ്ധരിച്ചാണ് വാർത്തകൾ. പൊതുജന താൽപര്യം മുൻനിർത്തി മറ്റുപാർട്ടികളുമായുള്ള സഹകരണം തുടരുമെന്നും തൃണമൂൽ നേതാവ് അറിയിച്ചു.

പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ 29ന് വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ തൃണമൂൽ പങ്കെടുത്തേക്കില്ല. ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മ രൂപീകരിക്കുമെന്ന് ഖാർഗെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തങ്ങൾ സഹകരിക്കില്ലെന്ന് തൃണമൂൽ വ്യക്തമാക്കിയത്. കോൺഗ്രസ് സ്വന്തം പാർട്ടിക്കുള്ളിൽ കൂട്ടായ്മയുണ്ടാക്കിയ ശേഷം മറ്റു പാർട്ടികളുമായി കൂട്ടായ്മക്ക് ശ്രമിച്ചാൽ മതിയെന്ന് തൃണമൂൽ നേതാവ് പറഞ്ഞു.