നാരദ ഒളിക്യാമറ കേസിൽ അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് മന്ത്രിമാരും എംഎൽഎയും അടക്കം നാല് പേർക്കും ജാമ്യം അനുവദിച്ചു. കൊൽക്കത്തയിലെ പ്രത്യേക സിബിഐ കോടതിയാണ് ജാമ്യം അനുവദിച്ചത്. മന്ത്രിമാരായ ഫിർഹാദ് ഹക്കീം, സുബ്രതാ മുഖർജി, എംഎൽഎ മദൻ മിത്ര, മുൻ മന്ത്രി സോവൻ ചാറ്റർജി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
നാരാദ ഒളിക്യാമറ ഓപറേഷന്റെ ഭാഗമായി സാങ്കൽപ്പിക കമ്പനിയുടെ പ്രതിനിധികളെന്ന നിലയിൽ എത്തിയവരിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിലായിരുന്നു അറസ്റ്റ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ദൃശ്യങ്ങൾ പുറത്തുവിട്ടത്.
അറസ്റ്റിന് പിന്നാലെ തൃണമൂൽ അനുകൂലികൾ മുദ്രവാക്യം മുഴക്കുകയും കല്ലേറ് നടത്തുകയും ചെയ്തു. ഇതിന് പിന്നാലെ കേന്ദ്രസേനയെ സിബിഐ ഓഫീസിൽ വിന്യസിച്ചു. മുഖ്യമന്ത്രി മമതാ ബാനർജി സിബിഐ ഓഫീസിലെത്തുകയും പാർട്ടി നേതാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.