എല്ലാവർക്കും ആരോഗ്യ തിരിച്ചറിയൽ കാർഡ് നൽകുന്ന ആയുഷ്മാൻ ഭാരത് ഡിജിറ്റൽ പദ്ധതിക്ക് തുടക്കമായി. ചികിത്സാ രംഗത്തും പാവപ്പെട്ടവരും ഇടത്തരക്കാരും നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമായെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.
എല്ലാ പൗരൻമാർക്കും ഡിജിറ്റൽ ഹെൽത്ത് കാർഡ് നൽകാനും ചികിത്സാ രേഖകൾ ഏകോപിപ്പിക്കാനുമാണ് പദ്ധതി. വ്യക്തികളുടെ സ്വകാര്യതയും ആരോഗ്യരേഖകളുടെ സുരക്ഷിതത്വവും ഉറപ്പാക്കിയാകും പദ്ധതി നടപ്പാക്കുക. വ്യക്തികളുടെ അനുമതിയോടെ ആരോഗ്യരേഖകൾ ഡിജിറ്റൽ രൂപത്തിലാക്കി വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാക്കാനും ചികിത്സ സംബന്ധിച്ച നടപടികൾ വേഗത്തിലാക്കാനും സാധിക്കുമെന്നാണ് കരുതുന്നത്.
ആധുനിക വൈദ്യശാസ്ത്രം കൂടാതെ ആയുർവേദം ഹോമിയോ, സിദ്ധവൈദ്യശാലകളും ആരോഗ്യപ്രവർത്തകരും പദ്ധതിയുടെ ഭാഗമാകും. ആയുഷ്മാൻ ഭാരത്-ഡിജിറ്റൽ മിഷൻ രാജ്യത്തെ ആശുപത്രികളെ ഡിജിറ്റൽ രേഖകൾ വഴി പരസ്പരം ബന്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓരോ പൗരനും ഇപ്പോൾ ഒരു ഡിജിറ്റൽ ഹെൽത്ത് ഐഡി ലഭിക്കും. കൂടാതെ ആരോഗ്യരേഖ ഡിജിറ്റലായി സൂക്ഷിക്കുകയും ചെയ്യും