മോദി സർക്കാരിന്റെ പുതിയ ഡിജിറ്റൽ പേമെന്റ് സംവിധാനമായ ഇ റുപ്പി പ്രധാനമന്ത്രി പുറത്തിറക്കി

 

കേന്ദ്രസർക്കാരിന്റെ പുതിയ ഡിജിറ്റൽ പേമെന്റ് സംവിധാനമായ ഇ-റുപ്പി പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കി. സർക്കാരിന്റെ ക്ഷേമപദ്ധതികൾ ജനങ്ങളിൽ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് പുതിയ സംവിധാനമെന്ന് കേന്ദ്രം പറയുന്നു. നാഷണൽ പേമെന്റ്‌സ് കോർപറേഷൻ ഓഫ് ഇന്ത്യയാണ് ഇ റുപ്പി വികസിപ്പിച്ചത്

എസ് എം എസ്, ക്യൂ ആർ കോഡ് വഴി ലഭിക്കുന്ന ഇ വൗച്ചർ അടിസ്ഥാനമാക്കിയാണ് ഇ-റുപ്പി പ്രവർത്തിക്കുക. ഗുണഭോക്താക്കളുടെ മൊബൈൽ ഫോണിൽ ലഭിക്കുന്ന ഇ വൗച്ചർ ഉപയോഗിച്ച് വിവിധ സേവനങ്ങൾ നേടാം. ആരോഗ്യ സംരക്ഷണ പദ്ധതികളുടെ ഉപഭോക്താക്കൾക്കാണ് തുടക്കത്തിൽ പ്രയോജനം ലഭിക്കുക

സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് 100 പേർക്ക് കൊവിഡ് വാക്‌സിൻ സൗജന്യമായി ലഭിക്കാൻ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ അവർക്ക് ഇ റുപ്പി ഉപയോഗിക്കാം. ഇ റുപ്പി വൗച്ചർ 100 പേർക്ക് നൽകാം. അവർ നൽകുന്ന തുക വാക്‌സിനേഷന് മാത്രമായി ഉപയോഗിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു

ആയുഷ്മാൻ ഭാരത്, പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയിൽ ഉൾപ്പെടുന്ന ക്ഷയരോഗ നിവാരണം, മരുന്ന് വിതരണം എന്നിവക്കും വളം സബ്‌സിഡി വിതരണം അടക്കമുള്ളവക്കും ഇത് ഉപയോഗിക്കാം.