ജമ്മു വിമാനത്താവളത്തിലെ വ്യോമസേനാ മേഖലയിലുണ്ടായ ഇരട്ട സ്‌ഫോടനത്തിൽ എൻ ഐ എയും രഹസ്യാന്വേഷണ ഏജൻസികളും അന്വേഷണം തുടരുന്നു. സ്‌ഫോടനത്തിൽ രണ്ട് പേർക്ക് പരുക്കേറ്റതായാണ് അധികൃതർ അറിയിച്ചത്. വ്യോമസേനയുടെ ഒരു കെട്ടിടം ആക്രമണത്തിൽ തകർന്നിട്ടുണ്ട്.
പുലർച്ചെ 1.35നാണ് ആദ്യ സ്‌ഫോടനമുണ്ടായത്. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ അടുത്ത സ്‌ഫോടനമുണ്ടായി. വ്യോമസേനാ നിയന്ത്രണത്തിലുള്ള ടെക്‌നിക്കൽ ഏരിയയിലെ ഒരു കെട്ടിടത്തിലാണ് ആദ്യം സ്‌ഫോടക വസ്തു വന്നുവീണത്. കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു.
രണ്ട് വ്യോമസേനാ ഉദ്യോഗസ്ഥർക്ക് നിസാര പരുക്കുകളും സംഭവിച്ചു. ഡ്രോൺ ഉപയോഗിച്ച് സ്‌ഫോടക വസ്തുക്കൾ വർഷിച്ചതായാണ് റിപ്പോർട്ട്. വ്യോമസേനയുടെ പട്രോളിംഗ് സംഘം ഡ്രോൺ കണ്ടതായും സൂചനയുണ്ട്. എന്നാൽ സർക്കാർ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല
റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഡ്രോൺ ഉപയോഗിച്ചുള്ള ആദ്യ സ്‌ഫോടനമാണ് ജമ്മുവിലേത്. പാക്കിസ്ഥാനിൽ നിന്ന് ആയുധക്കടത്തിനായി ഭീകരർ ഡ്രോൺ ഉപയോഗിക്കുന്നതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു.